ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ജനറൽ ആശുപത്രി ജംഗ്ഷനിൽ ആകാശപ്പാതവരുന്നു. ടി.ഡി സ്കൂളിന് മുന്നിൽ തുടങ്ങി കേരള ബാങ്കിന് മുൻവശം അവസാനിക്കും വിധം അരകിലോമീറ്ററിലധികം ദൂരത്തിലാകും ഫ്ളൈ ഓവർ. പഴയ ദേശീയ പാതയുടെ ഭാഗമായ കളർകോട്- ജനറൽ ആശുപത്രി- ബോട്ട് ജെട്ടി റോഡിലെ ഗതാഗതക്കുരുക്കിനും ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നലിലെ കാത്തുകിടപ്പിനും പരിഹാരമെന്ന നിലയിലാണ് ഫ്ളൈ ഓവർ പദ്ധതി. കേരള റോഡ് ഫണ്ട് ഡവലപ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ കിഫ് ബി സഹായത്തോടെയാണ് പദ്ധതി.

റോഡ് നിർമ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കാനും ഫ്ളൈ ഓവർ നിർമ്മാണത്തിനുമായി 78 കോടി രൂപ കിഫ്ബിയിൽ നിന്ന് വിനിയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ, കെ.എസ്.ഇ.ബി പോസ്റ്റുകൾ, കേബിളുകൾ എന്നിവ മാറ്റി സ്ഥാപിക്കാൻ കൂടുതൽ പണം കണ്ടെത്തേണ്ടിവരും. വരുംദിവസങ്ങളിൽ കിഫ്.ബിയുടെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി സ്ഥലം നേരിൽക്കണ്ട് പരിശോധിച്ചശേഷമാും ഇത്തരം കാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളുക.

ടി.ഡി സ്കൂളിന് മുന്നിൽ നിന്ന് കേരള ബാങ്ക് വരെ പ്രധാന പാത ഫ്ളൈ ഓവറായി കടന്നുപോകുന്നതിനാൽ ജംഗ്ഷനിൽ നിന്ന് ജനറൽ ആശുപത്രിയ്ക്കുള്ളിലേക്കും കളക്ടറേറ്റ് റോഡിലേക്കും വാഹനങ്ങൾ തിരിയുന്നതിന് കാത്തുനിൽക്കേണ്ടിവരില്ല.

പദ്ധതിക്ക് കണക്കാക്കുന്നത് : 78 കോടി രൂപ

പഴയ പാത സർവീസ് റോഡാകും

 പത്ത് മീറ്റർ വീതിയിൽ വാഹനങ്ങൾക്ക് യാത്രചെയ്യാൻ ഫ്ളൈ ഓവറിൽ ട്രാക്കൊരുങ്ങും

 നിലവിലെ പഴയ ദേശീയപാത സർവീസ് റോഡായി ഉപയോഗിക്കാനുമാകും

 ഇപ്പോഴത്തെ റോഡിൽ നിന്ന് 5.5 മീറ്റർ ഉയരത്തിലാകും ഫ്ളൈ ഓവർ നിർമ്മാണം.

സ്ഥലം ഏറ്റെടുക്കുക 6.15 മീറ്റർ വീതിയിൽ

നിലവിലെ പഴയ ദേശീയ പാതയിൽ നിന്ന് ഇരുവശങ്ങളിലേക്കും 6.15 മീറ്റർ വീതം സ്ഥലം ഫ്ലൈ ഓവർ നിർമ്മാണത്തിനും ജംഗ്ഷൻ വികസനത്തിനുമായി ഏറ്റെടുക്കാനാണ് ആലോചന. ഇതിന് കളക്ട്രേറ്റിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉടൻ നടപടികൾ ആരംഭിക്കും.