ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിലൂടെ ജില്ലയിൽ 5977പേർ പരീക്ഷയെഴുതും. 10നാണ് 'മികവുത്സവം' സാക്ഷരത പരീക്ഷ. വാചികം, എഴുത്ത്, ഗണിതം എന്നീ ഭാഗങ്ങളായിട്ടാണ് പരീക്ഷ. പഠിതാക്കൾക്ക് ആശങ്കയില്ലാതെ ഉത്സവച്ഛായയിൽ പരീക്ഷ നടത്തുക എന്നതാണ് ലക്ഷ്യം. 187 കേന്ദ്രങ്ങളിലാണ് പരീക്ഷ. ജില്ലയിൽ 187 വോളണ്ടറി അദ്ധ്യാപകരാണ് സാക്ഷരത ക്ലാസുകൾ നയിച്ചത്. സാക്ഷരതാ പാഠാവലിക്ക് പുറമെ ഡിജിറ്റൽ മെറ്റീരിയലുകളും പഠനത്തിന് ഉപയോഗിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രത്തിലെത്താൻ ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. തുറവൂർ ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത്. 261 പേരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് കടക്കരപ്പള്ളിയിൽ,​ മൂന്ന് പേർ. മാവേലിക്കര നഗരസഭയിൽ 196 പേരും ഹരിപ്പാട് 53 പേരും പരീക്ഷയെഴുതും.