ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസിന് മുന്നോടിയായി മജീഷ്യൻ ഗോപിനാഥ് മുതുകാട് വിദ്യാർത്ഥികൾക്കായി 'മോൾഡിംഗ് മൈന്റ്സ് മാജിക്കലി' എന്ന മോട്ടിവേഷണൽ ക്ളാസ് നടന്നു. ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളിൽ നടന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി.

മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലേയും ആയിരത്തിലധികം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു. ആലപ്പുഴ നിയോജകമണ്ഡലം കൺവീനറായ ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി, സബ് കമ്മിറ്റി കൺവീനർ ഒ.ജെ. ഷിബു തുടങ്ങിയവർ പങ്കെടുത്തു.

ഇന്ന് വൈകിട്ട് പത്തിന് 'മാലിന്യമുക്ത നവകേരളം ആലപ്പുഴയിലെ പുരവഞ്ചികളിലെ ഇടപെടലുകൾ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചാത്തനാട് റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ നഗരസഭ സെക്രട്ടറി മുംതാസ് തുടങ്ങിയവർ പങ്കെടുക്കും.ഉച്ചയ്ക്ക് ശേഷം മൂന്നിന് ആര്യാട് ലൂഥറൻസ് സ്‌കൂളിൽ നവ കേരളത്തിന്റെ പ്രതീക്ഷകളും ആലപ്പുഴയുടെ സാദ്ധ്യതകളും എന്ന വിഷയത്തിൽ സെമിനാർ നടത്തും. മുൻ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആർ.നാസർ അദ്ധ്യക്ഷത വഹിക്കും.