
അരൂർ: ദേശീയപാതയിൽ ചന്തിരൂർ സെന്റ് മേരീസ് പള്ളിക്ക് മുമ്പിലെ വെള്ളക്കെട്ട് കാരണം അപകടം പതിവായിട്ടും അധികൃതർക്ക് അനക്കമില്ല.ചന്തിരൂർ പഴയ റോഡ് ദേശീയ പാതയുമായി സംഗമിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട്. റോഡിൽ വലിയകുഴി രൂപപ്പെട്ട് അഴുക്കു വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കാൽനടക്കാരും ഇരുചക്രവാഹനക്കാരുമാണ് തെന്നി വീഴുന്നതിൽ അധികവും. എലിവേറ്റഡ് ഹൈവേ നിർമ്മാണം തുടങ്ങിയതോടെയാണ് റോഡിന് വീതി കുറഞ്ഞതും വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായതും.
ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ പള്ളിക്ക് മുന്നിലെ സമാന്തര റോഡിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിടാറാണ്. റോഡിലെ വെള്ളക്കെട്ടിലൂടെ വേണം പാരലൽ റോഡിലെത്താൻ. കാന നിർമാണത്തിലെ അശാസ്ത്രീയതയാണ് കുഴി രൂപപ്പെടാൻ കാരണം. അടിയന്തരമായി പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജെ.എസ്. എസ് അരൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.പി.ലെനിൻ, പ്രസിഡന്റ് എ.കെ.ബാബു എന്നിവർ പറഞ്ഞു.