ആലപ്പുഴ : നഗരത്തിലെ കേബിൾ കുരുക്കിന് ഇനിയും ശാശ്വത പരിഹാരമാകാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇലക്ട്രിക് പോസ്റ്റിലെ അനധികൃത കേബിളുകൾ അഴിച്ചുമാറ്റുന്ന പ്രവൃത്തി മുന്നേറുന്നുവെന്ന് അധികൃതർ പറയുമ്പോഴും, നഗരഹൃദയത്തിൽ പല ഭാഗത്തും കേബിളുകൾ കാൽനടയാത്രികൾക്കും ഇരുചക്ര വാഹന യാത്രികൾക്കും അപകടഭീഷണി ഉയർത്തുംവിധം താഴ്ന്നു കിടക്കുകയാണ്.
ചില സ്ഥലങ്ങളിൽ കേബിൾ ബോക്സ് കാൽനടയാത്രികരുടെ തലയിൽ മുട്ടുന്ന അവസ്ഥയിലുമാണ്. രാത്രി സമയത്ത് വെളിച്ചമില്ലാത്ത ഭാഗങ്ങളിൽ ഇത്തരം കേബിളുകൾ വലിയ അപകടത്തിന് ഇടവരുത്തിയേക്കും. വേഗത്തിൽ നടന്നു വരുന്ന ഒരാൾ കേബിൾ കുരുക്കിൽ പ്പെട്ട് റോഡിലേക്ക് വീണാൽ ജീവഹാനി ഉൾപ്പടെ സംഭവിക്കാനിടയുണ്ട്. പല ബസ് സ്റ്റോപ്പുകളിലും യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിലാണ് കേബിളുകൾ താഴ്ന്നു കിടക്കുന്നത്.
മുറിക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി
കേബിൾ ഓപ്പറേറ്റർമാരുടെ സാന്നിദ്ധ്യത്തിൽ പോസ്റ്റുകളിലെ അനധികൃത കേബിളുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. കട്ട് ചെയ്യുന്ന കേബിളുകൾ നീക്കം ചെയ്യേണ്ട ചുമതല അതത് ഓപ്പറേറ്റർമാർക്കാണ്. ടാഗിംഗ് നടത്താത്തതും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായവയാണ് ഇത്തരത്തിൽ നീക്കം ചെയ്യുന്നത്.
ജില്ലാ കോടതി, ബോട്ട് ജെട്ടി തുടങ്ങിയ ഭാഗങ്ങളിൽ പല സ്ഥലത്തും കേബിൾ താഴ്ന്നു കിടക്കുകയാണ്. രാത്രിയിൽ ഇവ കാണാൻ പോലും സാധിക്കില്ല. അപകടം ഉണ്ടാകും മുമ്പ് പ്രശ്നം പരിഹരിക്കാൻ ഇടപെടലുണ്ടാവണം
-പ്രീന രാജേഷ്, യാത്രക്കാരി
കേബിളുകളുടെ പ്രശ്നം പരിഹരിച്ച് വരികയാണ്. കേബിൾ ഓപ്പറേറ്റർമാരുടെ കൂടെ സാന്നിദ്ധ്യത്തിലാണ് ഇവ നീക്കം ചെയ്യുന്നത്
-കെ.എസ്.ഇ.ബി ടൗൺ സെക്ഷൻ അധികൃതർ