
മുഹമ്മ: ലോക മണ്ണ് ദിനാഘോഷത്തിൽ മണ്ണിനെ ചുംബിച്ച് കുരുന്നുകളും അദ്ധ്യാപകരും. ആലപ്പുഴ വഴിച്ചേരി എം.എം.എ യുപി സ്കൂളിലാണ് വേറിട്ട മണ്ണ് ദിനാഘോഷം സംഘടിപ്പിച്ചത്. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യാതെ ഉപയോഗിക്കണമെന്നും "മണ്ണില്‍ തുടങ്ങണം ഭൂമിക്കായുള്ള കരുതൽ" എന്ന സന്ദേശം പ്രാവർത്തികമാക്കാനും ആഹ്വാനം ചെയ്ത് സ്കൂൾ അങ്കണത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മണ്ണ് സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രധാനാദ്ധ്യാപിക ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ ടി.എ.മുസ്‌ന ഖദീജ സന്ദേശം നൽകി. എം.ആർ സജിത, സീജ.കെ.ഇബ്രാഹിം തുടങ്ങിയവർ നേതൃത്വം നൽകി.