ചേർത്തല: ഇടപാടുകാരനായ വ്യാപാരിയുടെ പരാതിയിൽ ചേർത്തല ടൗൺ ട്രേഡേഴ്സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സംഘം ജീവനക്കാർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തു. വ്യാപാരിയായ തൈക്കൽ നമ്പിശേരിൽ എൻ.എ.അഭിലാഷിന്റെ പരാതിയിലാണ് രണ്ടു ജീവനക്കാരെ പ്രതികളാക്കി കേസെടുത്തത്. പരാതിക്കാരൻ വിവിധ എം.ഡി.എസ് പദ്ധതികളിൽ അടക്കുന്നതിനായി മാസതവണകളും ദിവസതവണകളുമായി പണം നൽകിയിട്ടും അക്കൗണ്ടുകളിൽ വരവുവയ്ക്കാതെയും കണക്കുകൾ സൂക്ഷിക്കാതെയും രസീത് നൽകാതെയും വഞ്ചിച്ചെന്നും ഇത്തരത്തിലെ തിരിമറികൾ ചോദ്യചെയ്തതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്.
എന്നാൽ, നിരന്തരമായ പരാതികളിലൂടെ സംഘത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയും കേസുമെന്നും നിയമപരമായി നേരിടുമെന്നും സംഘം പ്രസിഡന്റ് ബി.ഭാസി പറഞ്ഞു. വ്യാപാരികളുടെ ക്ഷേമത്തിനും വികസനത്തിനുമായി പ്രവർത്തിക്കുന്നതാണ് സംഘം. ഈ വിഷയത്തിൽ മുഖ്യമന്ത്റിക്കടക്കം നൽകിയ പരാതിയെ തുടർന്ന് സംഘത്തിൽ വകുപ്പുതല അന്വേഷണം നടന്നിരുന്നു. ഇതിലെല്ലാം തള്ളിയ പരാതികളുടെ പേരിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.