
മാവേലിക്കര: നവകേരള സദസിന് വേദിയാകുന്ന മാവേലിക്കര ബോയിസ് സ്കൂളിലെ മതിൽ പോളിഞ്ഞുവീണത് ചൂടേറിയ വിവാദമായി മാറുന്നു. മതിൽ താനേ പൊളിഞ്ഞതല്ലെന്നും സാമൂഹ്യവിരുദ്ധർ പൊളിച്ചതാണെന്നുമാണ് കോൺഗ്രസിന്റെയും യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടേയും നിലപാട്. ബലക്ഷയത്തിലായി അപകടാവസ്ഥയിൽ നിൽക്കുന്ന മതിൽ പൊളിച്ചു പണിയാൻ മാവേലിക്കര നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി കളക്ടർ ഉത്തരവിട്ടിട്ടും വിവാദം കെട്ടടങ്ങുന്നില്ല.
നവകേരള സദസിനായി മതിൽ പൊളിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കത്ത് നൽകിയിരുന്നു. എന്നാൽ മതിൽ പൊളിക്കേണ്ടെന്ന് നഗരസഭ തീരുമാനവുമെടുത്തു. തുടർന്നാണ് മതിൽ പൊളിഞ്ഞു വീണത്. ബലക്കുറവാണ് മതിൽ പൊളിയാൻ കാരണമെന്നാണ്എൽ.ഡി.എഫ് പറയുന്നത്. എന്നാൽ, മതിലിന് മുകളിലിരുന്ന് യുവാക്കൾ കേരളോത്സവ പരിപാടികൾ വീക്ഷിച്ചിരുന്നതായും അപ്പോൾ മതിൽ പൊളിഞ്ഞില്ലെന്നുമാണ് കോൺഗ്രസ് പക്ഷം. പൊളിഞ്ഞ ഭാഗം മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുനർ നിർമ്മിക്കുകയും ചെയ്തു.
എം.എൽ.എ നാടകം കളിക്കുന്നു : കോൺഗ്രസ്
നവകേരള സദസുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ എം.എൽ.എ നാടകം കളിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് ബോയ്സ് സ്കൂളിലെ വേദിക്ക് അരികിലെത്താനായി മതിൽ പൊളിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കത്ത് നൽകിയിരുന്നെങ്കിലും നഗരസഭ കൗൺസിൽ അത് നിരാകരിച്ചു. തുടർന്ന് എം.എൽ.എ താലൂക്ക് വികസന സമിതിയിൽ അവിടെ ഹാജരല്ലാത്ത കുട്ടികളുടെ അപേക്ഷ സമർപ്പിച്ചു. സി.പി.എം നേതാക്കൾ വിഷയത്തിൽ ഇടപെടുകയും തഹസിൽദാറും വില്ലേജ് ഓഫീസറും മതിലിന്റെ ഫിറ്റ്നസ് തീരുമാനിച്ച് ദുരന്തനിവാരണ അതോറിട്ടിയെ അറിയിക്കുകയും ചെയ്തു. പിന്നാലെ, മതിൽ പൊളിക്കാനുള്ള ഉത്തരവും വന്നു. മുനിസിപ്പൽ ചെയർമാനോ കൗൺസിലിനോ ലഭിക്കാത്ത ബോയ്സ് സ്കൂൾ മതിലിന്റെ ഫിറ്റ്നസ് രേഖ എം.എൽ.എയുടെ പക്കൽ എത്തിയത് സംശയാസ്പദമാണ്. എൻജിനീയറിംഗ് വിഭാഗം കഴിഞ്ഞ മെയ് മാസം കൊടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ മതിലിന്റെ കാര്യം പരാമർശിക്കുന്നില്ല. ഇപ്പോൾ പുറത്തു വന്ന രേഖയിലും മതിൽ അപകടകരമാണെന്ന് വ്യക്തമായി പറയുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു : സി.പി.എം
ജില്ലാ കളക്ടടറുടെ ഉത്തരവ് നിലനില്‍ക്കെ ബലക്ഷയത്തിലുള്ള മതിലിന്റെ തകർന്ന ഭാഗം യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കെട്ടിയുയർത്തിയത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റി ആരോപിച്ചു. മാവേലിക്കര ബോയ്‌സ് വൊക്കേഷണൽ എച്ച്.എസ്.എസ് പ്രിൻസിപ്പലിന്റെയും മാവേലിക്കര തഹസീൽദാരുടെയും കത്തിന്റെയും മാവേലിക്കര നഗരസഭാ എൻജിനീയറുടെ ഫിറ്റ്‌നസ് സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മതിൽ പൊളിച്ചു പണിയാൻ കളക്ടർ ഉത്തരവിട്ട ശേഷമാണ് യു.ഡി.എഫ് നാടകം അരങ്ങേറിയത്. ഭരണപരാജയവും അഴിമതിയും മറയ്ക്കാൻ യുഡിഎഫ് തരംതാണ നാടകം കളിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.