
കായംകുളം: കെട്ടിട നിർമ്മാണത്തിൽ അപാകതയുണ്ടെന്ന വിലയിരുത്തലിൽ വിദഗ്ദ്ധനെ സ്ഥലത്തെത്തിച്ച് വിജിലൻസ് പരിശോധന നടത്തി. കായംകുളം സസ്യ മാർക്കറ്റിലായിരുന്നു പരിശോധന. സസ്യ മാർക്കറ്റിനുള്ള കെട്ടിടം നിർമ്മാണം തുടങ്ങി പൂർത്തീകരിച്ചത് വരെയുള്ള കാലയളവിൽ ചുമതലയുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും തിങ്കളാഴ്ച നഗരസഭയിൽ വിളിപ്പിച്ചിരുന്നു. ഇവരിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. ഫയലുകളും വിജിലൻസ് സംഘം കൊണ്ടുപോയതായി സൂചനയുണ്ട്. കെട്ടിടം നിർമ്മാണം പൂർത്തീകരിച്ച് അഞ്ച് വർഷം പിന്നിട്ടിട്ടും വാടകയ്ക്ക് നൽകിയിട്ടില്ല. ഇതോടെ നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെട്ടു. ഡിപ്പോസിറ്റ് തുക കൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. കെട്ടിടം പ്രവർത്തിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ ചോർന്നിരുന്നു. നിർമ്മാണത്തിലെ അപാകത കണ്ടെത്താൻ പി.ഡബ്ലു.ഡി എൻജിനീയറുടെ സഹായത്തോടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. നിർമ്മാണത്തിലെ അപാകതയാണോ, ഉദ്യോഗസ്ഥരുടെ ഭാഗത്തെ പിഴവുകളാണോ കെട്ടിടം പ്രവർത്തിക്കാത്തതിന് കാരണമെന്ന് കണ്ടെത്തിയാവും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് വിജിലൻസ് സംഘം പറഞ്ഞു.