
മാന്നാർ : രണ്ടു പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായി കിടക്കുന്ന പമ്പ് ഹൗസ് കെട്ടിടം അപകട ഭീഷണി ഉയർത്തുന്നു. മാന്നാർ പഞ്ചായത്ത് പതിനേഴാം വാർഡിൽ മാവേലിക്കര-കായംകുളം സംസ്ഥാന പാതയോരത്ത് നായർ സമാജം ടീച്ചേഴ്‌സ് ട്രെയിനിംഗ് സ്‌കൂളിന് സമീപമുള്ള പമ്പ് ഹൗസ് കെട്ടിടമാണ് ഭീഷണിയായി മാറിയത്.
ഒരുകാലത്ത് നായർ സമാജം സ്‌കൂളിലേക്കും മറ്റ് പൊതു ടാപ്പുകളിലേക്കും ജല വിതരണത്തിനായി ആശ്രയിച്ചിരുന്ന പമ്പ് ഹൗസ് കെട്ടിടം ആർക്കും വേണ്ടതായിട്ട് നാളുകളേറെയായി. മോട്ടോറും വൈദ്യുതി സംവിധാനങ്ങളും സ്ഥാപിച്ചിരുന്ന താഴത്തെ മുറിയും അതിനു മുകളിലായി ജല സംഭരണിയുമാണുള്ളത്. തൊട്ടടുത്തുള്ള ആൽമരത്തിന്റെ വൻശിഖരം ജലസംഭരണിക്കു മുകളിലേക്ക് ചാഞ്ഞ് കിടക്കുന്നതിനാൽ ശക്തമായ കാറ്റും മഴയും എത്തിയാൽ നാട്ടുകാർക്ക് ഭീതിയേറും. ഉപയോഗശൂന്യമായി കിടക്കുന്ന ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. ഇതോടൊപ്പമുള്ള ആഴമേറിയ കിണറ്റിലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്.
സ്ഥലം വിട്ടുകിട്ടാൻ പ്രമേയം പാസാക്കി പഞ്ചായത്ത്
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ വാർഡ് മെമ്പറായിരുന്ന മുഹമ്മദ് അജിത്തിന്റെ നേതൃത്വത്തിൽ പമ്പ് ഹൗസ് പൊളിച്ച് നീക്കി അങ്കണവാടിക്ക് കെട്ടിടം പണിയുന്നതിനായുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകിട്ടുന്നതിനായി പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയവും പാസാക്കിയിരുന്നു. നായർ സമാജം ഹയർ സെക്കന്ററി സ്‌കൂൾ, ടീച്ചേഴ്സ് ട്രെയിനിംഗ് സ്‌കൂൾ, ഗവ.എൽ.പി സ്‌കൂൾ എന്നിവയ്ക്ക് സമീപത്തായുള്ള അപകടാവസ്ഥയിലായ പമ്പ് ഹൗസ് കെട്ടിടം പൊളിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മീഡിയ സെന്ററിനായി ഈ സ്ഥലം വിനിയോഗിക്കണമെന്ന് മാന്നാർ മീഡിയ സെന്റർ ഭാരവാഹികൾ ആവശ്യപ്പെട്ടു.