ആലപ്പുഴ : കയർപിരി മേഖലയിൽ നിന്ന് കൂടുതൽ തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിലേക്ക് മാറിയത് കയറുത്പാദനത്തെ കാര്യമായി ബാധിച്ചു. ജില്ലയിൽ പിരിമേഖലയിലും ചെറുകിട ഉത്പാദന രംഗത്തും പണിയെടുക്കുന്ന 40ശതമാനം തൊഴിലാളികളും കയർപിരി ഉപേക്ഷിച്ച് തൊഴിലുറപ്പ് ജോലിക്ക് പോകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ആവശ്യമായ കയറിന്റെ 60ശതമാനവും ജില്ലയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കായംകുളം കയർ പ്രോജക്ടിൽ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെ 1500ക്വിന്റൽ കയർ പിരിച്ച ഒരു സംഘം ഇത്തവണ ഇതേകാലയളവിൽ 700ക്വിന്റൽ കയർമാത്രമാണ് ഉത്പാദിപ്പിച്ചത്. സംസ്ഥാനത്ത് 700ൽ അധികം സംഘങ്ങളിൽ നിന്നാണ് കയർ സംഭരിക്കുന്നത്. പ്രതിസന്ധി ഒഴിവാക്കാൻ സംഭരണത്തോത് വർദ്ധിപ്പിക്കാൻ കയർഫെഡ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സമീപഭാവിയിൽ ഉത്പന്ന നിർമ്മാണ മേഖലയിൽ കയർക്ഷാമം പ്രതിസന്ധി സൃഷ്ടിക്കും. കയർപിരിമേഖലയേക്കാൾ കൂടുതൽ വേതനം തൊഴിലുറപ്പ് പദ്ധതിയിൽ ലഭിക്കുന്നതാണ് ഭൂരിഭാഗം തൊഴിലാളികളും കളം വിടാൻ കാരണം.
കയർതൊഴിലാളികൾക്ക് മിനിമം വരുമാനം ഉറപ്പാക്കാൻ കഴിഞ്ഞ വി.എസ്.സർക്കാരിന്റെ കാലത്ത് അന്നത്തെ കയർ മന്ത്രി ജി.സുധാകരൻ കൊണ്ടുവന്ന ഇൻകം സപ്പോർട്ടിംഗ് സ്കീം പ്രകാരമാണ് 27.5 മുടികയർ പിരിക്കുന്ന തൊഴിലാളിക്ക് ഇപ്പോൾ ഒരു ദിവസം 300രൂപ വേതനം കിട്ടുന്നത്. ഇതിൽ 190രൂപ കയർസംഘവും 110രൂപ കയർ വകുപ്പുമാണ് നൽകുന്നത്.
കൊഴിഞ്ഞു പോക്കിന് പിന്നിൽ
വരുമാനക്കുറവാണ് കയർപിരി മേഖലയിൽ നിന്ന് തൊഴിലാളികൾ കൊഴിഞ്ഞു പോകാനിടയാക്കുന്നത്
തൊഴിലുറപ്പിലെ പ്രതിദിന വേതനമായ 333 രൂപ കൂലി ലഭിക്കണമെങ്കിൽ 27.5 മുടി കയർ പിരിക്കേണ്ടി വരും
കഴിഞ്ഞ മാർച്ചിന് ശേഷമാണ് കയർ ഉത്പാദനത്തിൽ കാര്യമായ കുറവ് ഉണ്ടായിത്തുടങ്ങിയത്
തൊഴിലുറപ്പ് പദ്ധതി സജീവമായാലും കയർപിരിമേഖലയിൽ ആശങ്കയുടെ കാര്യമില്ല. മാർക്കറ്റ് സജീവമായതോടെ കയർ കയറ്റുമതി വർദ്ധിച്ചിട്ടുണ്ട്
-ടി.കെ.ദേവകുമാർ, പ്രസിഡന്റ്, കയർഫെഡ്
"കയർപിരിമേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണം.
- കയർ സംഘം സെക്രട്ടറിമാർ
കയർപിരി തൊഴിലാളികൾ
സംസ്ഥാനത്ത് 10 പ്രോജക്ടുകളിൽ : 80,000
ചെറുകിട ഉത്പാദന മേഖല: 20,000
കായംകുളം പ്രോജക്ട് : 52,000 (125 കയർസഹകരണ സംഘങ്ങളിൽ)
കയർ ഉത്പാദനം (ഏപ്രിൽ മുതൽ നവംബർ വരെ)
കഴിഞ്ഞ വർഷം: 1500ക്വിന്റൽ
ഈ വർഷം: 700ക്വിന്റൽ