
ആലപ്പുഴ : കരാറെടുത്തവർക്ക് ഒരു വർഷം കഴിഞ്ഞിട്ടും തുക നൽകാത്തതിനെ തുടർന്ന് പാടശേഖരങ്ങളിലെ പമ്പിംഗ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പമ്പിംഗ് കരാറെടുത്ത അഞ്ഞൂറിലധികം പേരാണ് കഴിഞ്ഞ പുഞ്ചകൃഷി സീസണിലെ പണത്തിനായി കാത്തിരിക്കുന്നത്. 26 കോടിയോളം രൂപയാണ് ഇവർക്ക് ലഭിക്കാനുള്ളത്.
ഒക്ടോബർ മുതൽ മാർച്ച് - ഏപ്രിൽ വരെ വെള്ളം പമ്പ് ചെയ്തുനീക്കി കൃഷിയ്ക്ക് ഉപയുക്തമാക്കാനാണ് കൃഷിഭവനുകളുടെ നേതൃത്വത്തിൽ പാടശേഖരാടിസ്ഥാനത്തിൽ പമ്പിംഗ് നടത്തുന്നത്. 2022-23 വർഷത്തിലെ പമ്പിംഗിനായി ഒരു രൂപപോലും അനുവദിച്ചിട്ടില്ല. 2021-22ലെ പമ്പിംഗിന്റെ പണവും മുഴുവനായി കൊടുത്തുതീർത്തിട്ടില്ല. പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്യാൻ മോട്ടോർ ഉപയോഗിച്ചത് സംബന്ധിച്ച് പമ്പിംഗ് കരാറുകാർ വില്ലേജ് ഓഫീസർമാർ മുഖേനയാണ് പുഞ്ച സ്പെഷ്യൽ ഓഫീസർമാർക്ക് വൗച്ചർ നൽകുന്നത്. ഇതിൽ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെയും കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുക. പണം കിട്ടാനുണ്ടാകുന്ന അനിശ്ചിതമായ കാലതാമസം കാർഷിക മേഖലയിൽ പമ്പിംഗ് കരാറുകാരുടെ സേവനം ഇല്ലാതാകാൻ ഇടയാക്കുമോയെന്ന ആശങ്കയിലാണ് കർഷകർ.
നൽകുന്നത് 8 വർഷം മുമ്പത്തെ നിരക്ക്
എട്ടുകൊല്ലം മുമ്പ് സർക്കാർ നിശ്ചയിച്ച നിരക്കാണ് ഇപ്പോഴും പമ്പിംഗിനുള്ളത്
ഈ തുകയ്ക്ക് പമ്പിംഗ് നടത്താൻ കരാറുകാർ പലപ്പോഴും തയ്യാറാകാറില്ല
കർഷകർ കൈയിൽ നിന്ന് കൂടി പണം മുടക്കിയാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്
പുഞ്ച സ്പെഷ്യൽ ഓഫീസിൽ നിന്നാണ് പമ്പിംഗിന് പണം അനുവദിക്കുന്നത്.
പമ്പിംഗ് കരാർ തുക
കായൽപ്പാടം- 2500 രൂപ ( 1ഏക്കറിന്)
കരപ്പാടം -1800 രൂപ (1ഏക്കറിന്)
'2021-22 വർഷത്തെ പമ്പിംഗ്തുകയിൽ 246 കരാറുകാർക്ക് പണം അനുവദിച്ചിട്ടുണ്ട്. 2020-21ലെ ഫണ്ടിൽ ബാലൻസുണ്ടായിരുന്ന തുക ഉപയോഗിച്ചാണ് 246 പേർക്ക് പണം അനുവദിച്ചത്. ശേഷിക്കുന്നവർക്കും കഴിഞ്ഞ സീസണിലെ കരാറുകാർക്കും സർക്കാർ തുക അനുവദിച്ചാൽ മാത്രമേ കുടിശിക നൽകാൻ കഴിയുകയുള്ളൂ
- പുഞ്ച സ്പെഷ്യൽ ഓഫീസ് അധികൃതർ
കടബാദ്ധ്യത കാരണം ദുരിതത്തിലായ കർഷകരെ കൂടുതൽ കഷ്ടത്തിലാക്കുന്നതാണ് പമ്പിംഗ് കുടിശിക ലഭിക്കാത്തത്. സർക്കാർ നിരക്കിൽ പമ്പിംഗിന് കരാറുകാർ എത്തില്ലെന്നിരിക്കെ കൈയ്യിൽ നിന്ന് കൂടി പണം മുടക്കിയാണ് പാടങ്ങളിലെ വെള്ളം വറ്റിക്കുന്നത്. പമ്പിംഗ് ചാർജ് കുടിശികയിട്ടാൽ കരാറുകാരുടെ സേവനം ലഭിക്കാതെ കൃഷി അസാദ്ധ്യമാകുന്ന സ്ഥിതിയുണ്ടാകും
- സോണിച്ചൻ പുളിങ്കുന്ന്, കർഷകൻ.