ആലപ്പുഴ : ആലപ്പുഴയുടെ ടൂറിസം മേഖലയുടെ നെടുംതൂണാണ് ഹൗസ് ബോട്ടുകളെങ്കിലും ഇടയ്ക്കിടെയുണ്ടാകുന്ന അപകടങ്ങളും തീപിടിത്തവും മേഖലയ്ക്കാകെ പേരുദോഷമാകുന്നു. കഴിഞ്ഞ ദിവസവും ആര്യാട് ആസ്പിൻ വാളിന് സമീപം അറ്റകുറ്റപ്പണിക്കിടെ രണ്ട് ഹൗസ് ബോട്ടുകൾ പൂർണമായി കത്തിനശിച്ചിരുന്നു. വെൽഡിംഗ് ജോലിക്കിടെ ഗ്യാസ് ചോർന്ന് തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പൊലീസോ ഫയർഫോഴ്സോ തുറമുഖ വകുപ്പോ ഇതിൽ വ്യക്തത വരുത്തിയിട്ടില്ല. ഇതിനു മുമ്പും നിരവധി ഹൗസ് ബോട്ടുകൾ അഗ്നിക്കിരയായിരുന്നു.
യാത്രയ്ക്കിടെ പാചകവേളയിൽ ഗ്യാസ് ചോർന്നും തീപ്പൊരി വീണുമാണ് പലപ്പോഴും ബോട്ടുകളിൽ തീപിടിത്തമുണ്ടായത്. തീരത്ത് കെട്ടിയിട്ടിരുന്ന ബോട്ടുകൾ അഗ്നിക്കിരയായ സംഭവങ്ങളുമുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിനൊപ്പം ഈ മേഖലയെ ആശ്രയിച്ച് ജോലി നോക്കുന്ന കുടുംബങ്ങൾ തൊഴിൽ രഹിതരാകുന്ന സ്ഥിതിയിലേക്കും ഇത്തരം സംഭവങ്ങൾ നയിക്കും.
തുറമുഖ വകുപ്പിന് കീഴിൽ പോർട്ട് ഓഫീസർക്കാണ് ബോട്ടുകളുടെ സുരക്ഷാ ചുമതലയുള്ളത്. ആലപ്പുഴയിലെ ആയിരത്തോളം ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും യാത്രാബോട്ടുകളും ചങ്ങാടങ്ങളുമെല്ലാം സുരക്ഷിതമാണോയെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പോർട്ട് ഓഫീസർക്കാണ്. വർഷാവർഷം ഫിറ്റ്നസ് പരിശോധനയ്ക്കെത്തുമ്പോഴുള്ള ചട്ടപ്പടി പരിശോധനയല്ലാതെ ബോട്ടുകളിലോ ബോട്ടുകൾ കെട്ടിയിടുന്ന സ്ഥലങ്ങളിലോ മതിയായ പരിശോധന ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. ബോട്ടുകൾതോറും കയറിയിറങ്ങി പരിശോധനയ്ക്കുള്ള മാനവശേഷി ആലപ്പുഴ പോർട്ട് ഓഫീസിനില്ലതാനും.
അനധികൃത ബോട്ട് റിപ്പയറിംഗ് സെന്ററുകളും ആലപ്പുഴയിൽ ധാരാളമായി പ്രവർത്തിക്കുണ്ടെന്നാണ് വിവരം
ബോട്ടുകളുടെ ഘടനയെപ്പറ്റി കൃത്യമായ ബോദ്ധ്യവുമില്ലാത്തവരും ഇത്തരം കേന്ദ്രങ്ങളിലുണ്ട്. ചോർച്ച തടയൽ , ബലപ്പെടുത്തൽ എന്നിവയ്ക്കായി തോന്നുംവിധം ബോട്ടുകളിൽ നടത്തുന്ന വെൽഡിംഗുകളും ഇരിപ്പിടങ്ങളിൽ വരുത്തുന്ന മാറ്റവും പലപ്പോഴും ബോട്ടിന്റെ ബാലൻസ് നഷ്ടമാകാൻ ഇടയാക്കും . അപ്പർ ഡെക്കിലും മറ്റും അനധികൃതമായി ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നതും അപകടകരമാണ്.
ഇത്തരത്തിൽ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന സംവിധാനങ്ങൾ കണ്ടെത്തേണ്ടത് പോർട്ട് ഓഫീസറാണ്.
അനധികൃത കേന്ദ്രങ്ങളിലെ
അറ്റകുറ്റപ്പണി അപകടകരം
1.ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന അനധികൃത കേന്ദ്രങ്ങളും ആലപ്പുഴയിൽ നിരവധി
2.കരമാർഗമെത്തിച്ചേരാൻ കഴിയാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളിലും മറ്റുമാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്. 3.അന്യസംസ്ഥാനക്കാരുൾപ്പെടെ അവിദഗ്ദ്ധ തൊഴിലാളികളാണ് ഇവിടങ്ങളിൽ പണിയെടുക്കുന്നവരിൽ അധികവും
4.തീപിടിത്തമോ ഷോർട്ട് സർക്യൂട്ടോ ഒഴിവാക്കാനാവശ്യമായ യാതൊരു മുൻകരുതലുകളുമില്ലാതെയാണ് പ്രവർത്തനം
5.ഫയർഫോഴ്സ് വാഹനം കടന്നുചെല്ലാൻ കഴിയാത്ത ദുർഘടമായ സ്ഥലത്തായിരുന്നു കഴിഞ്ഞദിവസം തീപിടിത്തമുണ്ടായത്
6.ഫയർ എക്സ്റ്റിൻഗിഷറിന്റെ പ്രവർത്തനം പോലും വശമില്ലാത്ത തൊഴിലാളികളായിരുന്നു ഇവിടെ ജോലിയിലേർപ്പെട്ടിരുന്നത്
പോർട്ട് വകുപ്പിനാണ് ബോട്ടുകളുടെ സുരക്ഷാ ചുമതല. അപകടങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിന് മാത്രമാണ് ഫയർഫോഴ്സിനെ ആശ്രയിക്കുന്നത്. ബോട്ടുകളുടെയും വർക്ക് ഷോപ്പുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പോർട്ട് വകുപ്പാണ്
- ജില്ലാ ഫയർ ഓഫീസർ, ആലപ്പുഴ