ambala

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിന് സമീപമുള്ള കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെ ആഡിറ്റോറിയത്തിന് മുന്നിലുണ്ടായിരുന്ന കുഞ്ചൻ നമ്പ്യാരുടെ പ്രതിമ നീക്കം ചെയ്തു. സ്മാരകം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്മാരകത്തിന്റെ പുനർ നിർമ്മാണം പൂർത്തിയാകുമ്പോൾ പുതിയ പ്രതിമ നിർമ്മിക്കാനാണ് ആലോചന.

2015ൽ തകഴി അനീഷ്, അമ്പലപ്പുഴ ഹണി എന്നിവർ ചേർന്ന് 28 ദിവസം കൊണ്ട് നിർമ്മിച്ച അതി മനോഹരമായ പ്രതിമയാണ് ഓർമ്മയായത്. സിമന്റും കമ്പിയും ഉപയോഗിച്ചായിരുന്നു നിർമ്മാണം.

കുഞ്ചൻ നമ്പ്യാർ സ്മാരകത്തിന്റെയും സാംസ്ക്കാരിക സമുച്ചയത്തിന്റെയും നിർമ്മാണം നടന്നുവരികയാണ്. 2021 ൽ സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയ 3 കോടിയും, ജി.സുധാകരന്റെ എം.എൽ.എ ആയിരിക്കെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.50 കോടി രൂപയും വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം 2021 ഫെബ്രുവരി 14 ന് ജി.സുധാകരനാണ് നിർവഹിച്ചത്. ആദ്യം അനുവദിച്ച പണം തികയാതെ വന്നതോടെ എച്ച്.സലാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ചാണ് നിർമ്മാണം പൂർത്തിയാക്കുന്നത്. 90ശതമാനം നിർമ്മാണവും പൂർത്തീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു.

സ്മാരകത്തിന്റെ മുഖംമാറും

 മൂന്നു ദിശയിൽ നിന്നും പരിപാടി ആസ്വദിക്കാവുന്ന ആഡിറ്റോറിയം

 ഇവിടെ 500 പേർക്കുള്ള ഇരിപ്പിടങ്ങളും സജ്ജമാക്കും

 സ്റ്റേജ്, സാംസ്കാരിക മ്യൂസിയം, സ്മാരക സമിതി ഓഫീസ്

 തുള്ളൽ പഠന ഗവേഷണ കേന്ദ്രം, വിപുലീകരിച്ച ലൈബ്രറി

 കലാകാരന്മാർക്ക് ക്യാമ്പുചെയ്യാനും താമസത്തിനുമുള്ള സൗകര്യം

 ഭക്ഷണശാല, ശുചി മുറി തുടങ്ങിയ സൗകര്യങ്ങൾ