മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം 19ന് പരിഗണിക്കും. പദ്ധതി പ്രവർത്തനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നതായി ആരോപിച്ച് പ്രസിഡന്റ് ടി.വി രത്നകുമാരിക്കെതിരെ യു.ഡി.എഫ് അംഗങ്ങളാണ് നോട്ടീസ് നൽകിയത്. സുജിത്ത് ശ്രീരംഗം പ്രമേയ അവതാരകനും, അജിത്ത് പഴവൂർ അനുവാദകനുമായുള്ള അവിശ്വാസ പ്രമേയ നോട്ടീസിൽ യു.ഡി.എഫിന്റെ മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മധു പുഴയോരം, വി.കെ ഉണ്ണികൃഷ്ണൻ, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, ഷൈന നവാസ്, കെ.സി പുഷ്പലത എന്നിവർ ഒപ്പിട്ടിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ധേയത്തെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്. ആ​കെ​യു​ള്ള​ ​പ​തി​നെ​ട്ട് ​സീ​റ്റിൽ​ ​സു​നി​ൽ​ ​ശ്ര​ദ്ധേ​യം​ ​പു​റ​ത്താ​യ​തോ​ടെ​ യു.ഡി.എഫും എൽ.ഡി.എഫും തുല്യ ശക്തികളായിട്ടാണ് നിൽക്കുന്നത്. എ​ൽ.​ഡി.​എ​ഫി​നും​ ​യു.​ഡി.​എ​ഫി​നും​ ​എട്ടു ​സീ​റ്റ് ​വീ​ത​വും​ ​ബി.​ജെ.​പി​ക്ക് ​ഒ​രു​ ​സീ​റ്റു​മാ​ണ് ​ഉ​ള്ള​ത്.​ ​ബി.ജെ.പിയുടെ നിലപാട് നിർണ്ണായകമാകും.

കോൺഗ്രസും മുസ്ലിംലീഗുമായി ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായും കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ അതിനെ ചൊല്ലി തർക്കങ്ങൾ നടന്നതായിട്ടുമാണ് അറിയുന്നത്. എന്നാൽ, യു.ഡി.എഫിനുള്ളിൽ യാതൊരു അസ്വാരസ്യങ്ങൾ ഇല്ലെന്നും ഒറ്റക്കെട്ടായി നിൽക്കുമെന്നും യു.ഡി.എഫ് നേതാവ് ടി.കെ ഷാജഹാൻ പറഞ്ഞു.

ആരോപണങ്ങൾ കൊഴുക്കുന്നു

അവിശ്വാസപ്രമേയം പാസാക്കുന്നതിനായി കോൺഗ്രസും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയിലെത്തിയതായി സി.പി.എം ആരോപിക്കുമ്പോൾ യു.ഡി.എഫിലെ മുസ്ലിംലീഗുമായിട്ടാണ് എൽ.ഡി.എഫിന്റെ ധാരണയെന്ന ബി.ജെ.പിയും ആരോപിക്കുന്നു. ഈ പഞ്ചായത്ത് ഭരണസമിതി വന്നതിനു ശേഷം നാളിതുവരെയുള്ള എല്ലാ പഞ്ചായത്ത് കമ്മിറ്റികളിലും കോൺഗ്രസ് പറയുന്നതിനൊപ്പമാണ് ബി.ജെ.പി അംഗം നിലനിന്നിട്ടുള്ളതെന്നും അധികാരത്തിനായി ബി.ജെ.പിയെ കൂട്ടുപിടിക്കുന്ന സമീപനമാണ് കോൺഗ്രസിന്റേതെന്നും സി.പി.എം പാർലമെന്ററി ലീഡർ വി.ആർ ശിവപ്രസാദും ആരോപിച്ചു. ബി.ജെ.പി ബന്ധം സി.പി.എം ആരോപിക്കുന്നത് പരാജയ ഭീതിയിലാണെന്ന് കോൺഗ്രസ് മാന്നാർ മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ പറഞ്ഞു.