
ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മാതൃക കൃഷിത്തോട്ടം ആരംഭിച്ചു.വാത്യാട്ട് കളരി പ്രദേശത്തെ നാല് ഏക്കർ ഭൂമിയാണ് പച്ചക്കറി കൃഷിക്കായി തയ്യാറാക്കിയത്.വാർഡിലെ മുപ്പതോളം വരുന്ന വനിതകളുടെ നേതൃത്വത്തിൽ നിലംഒരുക്കി പ്രിസിഷൻ ഫാമിംഗ് സമ്പ്രദായത്തിലാണ് കൃഷി.തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നിലം ഒരുക്കിയതിനു ശേഷം സ്വന്തമായി ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചുകൊണ്ടാണ് കൃഷി ആരംഭിക്കുന്നത്. പാവൽ,പയർ,വെണ്ട,തക്കാളി,പച്ചമുളക്,വഴുതന,വെള്ളരി,ചീര തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. 1500 ഓളം വിവിധ ഇനം വാഴകളും മരച്ചീനിയും ഇതിനോടൊപ്പം കൃഷി ചെയ്യുന്നുണ്ട്.കൃഷി വകുപ്പിന്റെ മേൽനോട്ടത്തിലുള്ള കൃഷി പഞ്ചായത്തിലെ ഫാം സ്‌കൂളായി ഡിപ്പാർട്ട്‌മെന്റ് ഈ തോട്ടത്തെ ' സ്‌കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മറ്റ് പ്രദേശത്തെ കർഷകർക്ക് ഇവിടെ സന്ദർശിക്കുന്നതിനുള്ള അവസരവും പരിശീലന ക്ലാസുകളും സംഘടിപ്പിക്കും.പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല,ജില്ലാ പഞ്ചായത്തംഗം പി.എസ്.ഷാജി,വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ,കൃഷി ഓഫീസർ ജോസഫ് ജെഫ്രി,പഞ്ചായത്ത് സെക്രട്ടറി പി.പി.ഉദയ സിംഹൻ,ശ്രീകുമാർ വാത്യാട്ട് ,എൻ.സദാനന്ദൻ,ഡോ.സൂര്യൻ,ഓ.ബി. അനിൽകുമാർ,ജഗദംബിക,ബിന്ദു രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീൺ ജി.പണിക്കർ,കൃഷി ഓഫീസർ ജോസഫ് ജെഫ്രി,കൃഷി അസിസ്റ്റന്റ് രാജൻ എന്നിവർ മാതൃക പച്ചക്കറി കൃഷി തോട്ടത്തിന് നേതൃത്വം നൽകുന്നു.