
ചാരുംമൂട് : നൂറനാട് മറ്റപ്പള്ളി മലയിൽ നിന്ന് മണ്ണെടുക്കാൻ നൽകിയ അനുമതി പുനഃപരിശോധിക്കണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. സെസ് പഠന റിപ്പോർട്ട് പൂർണ്ണമായും അവഗണിച്ചാണ് ജിയോളജി വകുപ്പ് മണ്ണെടുക്കാൻ അനുമതി നൽകിയതെന്നും മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ് എന്നിവർക്ക് കളക്ടർ നൽകിയ റിപ്പോർട്ടിലുണ്ട്. മണ്ണെടുപ്പിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടന്നു വരുന്നതിനിടെയുള്ള കളക്ടറുടെ റിപ്പോർട്ട് സമരസമിതിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഹൈക്കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തവിട്ടതോടെയായിരുന്നു കരാറുകാരൻ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് തുടങ്ങിയത്. ഇതിനെതിരെ ഉയർന്നു വന്ന ജനകീയ പ്രക്ഷോഭം മുൻനിർത്തി മന്ത്രി പി.പ്രസാദ് വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിലാണ് മണ്ണെടുപ്പിനുള്ള അനുമതി സംബന്ധമായ മുഴുവൻ കാര്യങ്ങളും പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ജോൺ വി.സാമുവലിന് നിർദ്ദേശം നൽകിയത്. കഴിഞ്ഞ 17ന് അദ്ദേഹം സ്ഥലത്തെത്തി പരിശോധന നടത്തുകയും നാട്ടുകാരുടെ പരാതി കേൾക്കുകയും ചെയ്തിരുന്നു. ഇവിടം ജനവാസ മേഖലയാണെന്നും ഖനന സ്ഥലത്തിന് തൊട്ടടുത്തായുള്ള വാട്ടർ ടാങ്കിലേക്കുള്ള ദൂരം 279.5 മീറ്ററാണെന്നും റിപ്പോർട്ടിലുണ്ട്.