മാവേലിക്കര : ഭരണ പരാജയവും കെടുകാര്യസ്ഥതയും മറയ്ക്കാൻ യു.ഡി.എഫ്, ബി.ജെ.പിയുമായി കൂട്ടുചേർന്ന് മാവേലിക്കര ഗവ.ബോയ്സ് ഹൈസ്കൂൾ മതിൽ തകർന്നുവീണ വിഷയത്തിൽ വിവാദമുണ്ടാക്കുകയാണെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ് മതിലിന്റെ അപകടാവസ്ഥ ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് മതിൽ പൊളിച്ചു പണിയാൻ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്.
ഏതാനും ദിവസം മുമ്പ് മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു വീഴുകയായിരുന്നു. കളക്ടറുടെ ഉത്തരവ് നിലനിൽക്കെ, മതിലിന്റെ തകർന്ന ഭാഗം യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കെട്ടിയുയർത്തിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് വ്യാജ പ്രചാരണം സൃഷ്ടിക്കാൻ വേണ്ടിയാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഒരു സുരക്ഷയുമില്ലാതെ മതിൽ പുനർ നിർമ്മിച്ചത് വിദ്യാർത്ഥികളോടും ജനങ്ങളോടും ഒരു കൂറും ഇവർക്ക് ഇല്ലാത്തതുകൊണ്ടാണ്.
നവകേരള സദസുമായി ബന്ധപ്പെട്ട് മാവേലിക്കര പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടന്ന സ്‌കൂൾ പാർലമെന്റിൽ വിദ്യാർഥികൾ മതിലിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി, പുതിയ മതിൽ നിർമിച്ചു നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. മതിൽ അപകടാവസ്ഥയിലാണെന്ന് കാട്ടിയുള്ള നഗരസഭാ എൻജിനീയറുടെ മെയ് മാസത്തിലെ സാക്ഷ്യപത്രം നഗരസഭ അവഗണിച്ചത് ദുരൂഹമാണ്. മതിൽ വിഷയവും നവകേരള സദസുമായി ബന്ധപ്പെടുത്തേണ്ട ഒരു സാഹചര്യവും ഇല്ലെന്നും മതിൽ പുനർ നിർമ്മിക്കാൻ ഫണ്ട് അനുവദിക്കാൻ തയ്യാറാണെന്നും എം.എൽ.എ പറഞ്ഞു.