ചേർത്തല : മിനിലോറി നിറുത്തിയിട്ട് ഹെഡ് ലൈറ്റ് പരിശോധിക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് മിനി ലോറി ക്ളീനർ മരിച്ചു. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം ഇടയൂർ കാരേക്കാട്ട് അരക്കളത്തിൽ സുധീർ (40) ആണ് മരിച്ചത്. മിനി ലോറി ഡ്രൈവർ സൈനുൾ ആബീദിനാണ് ഗുരുതരമായി പരിക്കേറ്റത്.
ദേശീയപാതയിൽ കണിച്ചുകുളങ്ങര ജംഗ്ഷനിൽ ബുധനാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം.കായംകുളത്തേക്ക് പോകുകയായിരുന്ന മിനി ലോറിയുടെ ലൈറ്റ് കേടായതിനെ തുടർന്ന് കണിച്ചുകുളങ്ങര ജംഗ്ഷനിൽ വണ്ടി നിർത്തി പുറത്തിറങ്ങി സുധീറും സൈനുൾ ആബിദും പരിശോധിക്കുന്നതിനിടയിൽ ആലപ്പുഴ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ടോറസ് മിനിലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധീറിനെ രക്ഷിക്കാനായില്ല. സൈനുൾ ആബീദിനെ വിദഗ്ദ്ധചികിത്സക്കായി ചേർത്തല കെ.വി.എം ആശുപത്രിയിലേയ്ക്ക് മാറ്റി.