മഴമാറിയത് നിർമ്മാണത്തിന് കുതിപ്പേകും

ആലപ്പുഴ: മഴമാറിയതോടെ ജില്ലയിലെ ദേശീയപാത നിർമ്മാണം വേഗത്തിലാകും. മൂന്ന് റീച്ചുകളിലായി 20 ശതമാനം ജോലികളാണ് ഇതുവരെ പൂർത്തിയായത്. കാലവർഷത്തിനും തുലാവർഷത്തിനും ശേഷം വേനൽ ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത മൺസൂണിന് മുമ്പ് 70 ശതമാനം ജോലികളും പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്ഥലം ഏറ്റെടുപ്പിന് ശേഷം ഭൂമി നിരപ്പാക്കൽ, റോഡിന് ഇരുവശത്തെയും ഓടകളുടെ നിർമ്മാണം, സർവീസ് റോഡ് നിർമ്മാണം,​ പാലങ്ങളുടെ പൈലിംഗ്,​ അടിപ്പാതകളുടെയും മേൽപ്പാലങ്ങളുടെ തൂണുകളുടെ കോൺക്രീറ്റ് എന്നിവ നടക്കും.

അതേസമയം,​ ഭൂമി നിരപ്പാക്കുന്നതിനാവശ്യമായ ഗ്രാവലുൾപ്പടെയുള്ള അസംസ്കൃത സാധനങ്ങളുടെ ക്ഷാമം നിർമ്മാണത്തിന് വെല്ലുവിളിയാകുന്നുണ്ട്. നൂറനാട് മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞത് തിരിച്ചടിയായി. മണ്ണ്,​ മെറ്റൽ,​ പാറ,​ ചിപ്‌സ് എന്നിവയ്ക്കെല്ലാം കടുത്ത ക്ഷാമം നേരിടുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് എം.സാന്റ് ഉൾപ്പെടെ എത്തിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്.

റീച്ച് 1. അരൂർ-തുറവൂർ തെക്ക്

ഒറ്റത്തൂണിലുള്ള രാജ്യത്തെ ഏറ്റവും നീളമേറിയ ആറുവരി ഉയരപ്പാതകളിലൊന്ന്. 19.65ശതമാനം പൂർത്തിയായി. 30 മീറ്ററാണ് വീതി. അരൂർ, ചന്തിരൂർ, കുത്തിയതോട് എന്നിവിടങ്ങളിലാണ് സർവീസ് റോഡിലേക്കിറങ്ങാനുള്ള ചരിഞ്ഞ പ്രതലം നിർമ്മിക്കും. കഴിഞ്ഞ മാർച്ചിലാണ് നിർമാണം ആരംഭിച്ചത്. 2026 ജനുവരി 31ന് ഈ സ്ട്രെച്ചിന്റെ പണി പൂർത്തിയാക്കേണ്ടതുണ്ട്. നിർമ്മാണം പുരോഗമിക്കുന്നു.

ചെലവ് : 2427കോടി

ദൂരം : 12.75 കി. മീറ്റർ

റീച്ച് 2. തുറവൂർ തെക്ക്-പറവൂർ

ഏറ്റവും ആദ്യം പണി പൂർത്തിയാകുന്നത് ഈ റീച്ചായിരിക്കും. ഭൂമി നിരപ്പാക്കാലും മണ്ണിട്ട് ഉയർത്തലും ധൃതഗതിയിൽ പുരോഗമിക്കുകയാണ്. ഇലക്ട്രിക് പോസ്റ്റുകളും അനുബന്ധ ഉപകരണങ്ങളും നീക്കം ചെയ്യുന്ന ജോലികൾ അവസാന ഘട്ടത്തിൽ. മരക്കുറ്റികളും തടികളും പൂർണമായും നീക്കം ചെയ്തതോടെ രാത്രിയും പകലുമായി ഷിഫ്റ്റ് അടിസ്ഥാനത്തിൽ അതിവേഗം പൂർത്തിയാക്കാനാണ് നീക്കം.

ചെലവ് : 2638.67 കോടി

ദൂരം : 37.9 കി.മീറ്റർ

റീച്ച് 3. പറവൂർ-കൊറ്റുകുളങ്ങര

റെയിൽവേ ഓവർബ്രി‌ഡ്ജുൾപ്പെടെ ചെറുതും വലുതുമായ അരഡസനിലധികം പാലങ്ങളുടെ നിർമ്മാണമാണ് ഈ റീച്ചിനെ സങ്കീർണമാക്കുന്നത്. അമ്പലപ്പുഴ റെയിൽവേ മേൽപ്പാലം, ആലപ്പുഴയിൽ ബൈപ്പാസ്, ചേപ്പാട്ട് ഉയരപ്പാത എന്നിവ വരും. പാലങ്ങളിൽ വലുത് തോട്ടപ്പള്ളി സ്പിൽവേയിലേതായിരിക്കും. 413.5 മീറ്റർ നീളമുള്ള രണ്ടു പാലങ്ങളാണിവിടെ നിർമ്മിക്കുന്നത്. പറവൂർ-കൊറ്റുകുളങ്ങര പാതയുടെ നിർമ്മാണക്കരാർ ഹൈദരാബാദ് ആസ്ഥാനമായ ന്യൂ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ്.

ചെലവ് : 1394 കോടി

ദൂരം : 37.5 കി.മീറ്റർ

മേൽപ്പാലങ്ങൾ

തുറവൂർ, എക്സ്‌-റേ ജംഗ്ഷൻ, മാരാരിക്കുളം, അമ്പലപ്പുഴ, മാധവ ജംഗ്ഷൻ, ഹരിപ്പാട് ടൗൺ, നങ്ങ്യാർകുളങ്ങര

പാലങ്ങൾ

പൊന്നാംവെളി, പുത്തൻതോട്, എ.എസ്. കനാൽ, തോട്ടപ്പള്ളി സ്പിൽവേ, തോട്ടപ്പള്ളി കനാൽപാലം , കന്നുകാലിപ്പാലം , ഡാണാപ്പടി , കായംകുളം കെ.എസ്.ആർ.ടി.സി, കൃഷ്ണപുരം

ഉയരപ്പാത

ചേപ്പാട് ജംഗ്ഷൻ

അടിപ്പാതകൾ : 32