
ആലപ്പുഴ: രൊക്കം പണം നൽകിയുള്ള സ്റ്റോക്കെടുപ്പ് റേഷൻ വ്യാപാരികൾ നിർത്തി. കടമായി നൽകിയാൽ മാത്രം സാധനങ്ങളെടുക്കുമെന്ന കടുത്ത നിലപാടിലാണ് അവർ. സമയത്ത് കമ്മിഷൻ ലഭ്യമാക്കാത്തത് തുടർക്കഥയായതോടെയാണ് ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ വ്യാപാരികൾ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ചത്. ഗോഡൗണിൽ നിന്ന് മുമ്പ് കടമായി സ്റ്റോക്ക് നൽകിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം നാളുകളായി ഇത് കിട്ടുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതോടെയാണ്, തങ്ങൾക്ക് സ്റ്റോക്കെടുക്കാൻ പണമില്ലാത്ത സാഹചര്യത്തിൽ കടം ലഭിച്ചാൽ മാത്രമേ സാധനങ്ങൾ ഏറ്റെടുക്കാകുവെന്ന
കൂട്ടനിലപാട് വ്യാപാരികൾ സ്വീകരിച്ചത്. അടുത്ത ദിവസങ്ങളിൽ കമ്മിഷൻ അനുവദിച്ചാൽ പോലും തീരുമാനത്തിൽ മാറ്റമില്ലെന്നും അവർ പറയുന്നു. രണ്ട് മാസത്തിലൊരിക്കലാണ് ഇപ്പോൾ കമ്മിഷൻ നൽകുന്നത്. ഡിസംബർ ആയിട്ടും ഒക്ടോബറിലെ കമ്മിഷന് വേണ്ടിയുള്ള വ്യാപാരികളുടെ പ്രതീക്ഷ നീളുകയാണ്.
നവകേരളത്തിൽ പരാതിനൽകും
വിവിധ നവകേരള സദസുകളിൽ റേഷൻ വ്യാപാരികൾ രേഖാമൂലം പരാതി സമർപ്പിച്ചിട്ടുണ്ട്. സമാന പരാതി ആലപ്പുഴയിലെ നവകേരള സദസിലും നൽകിയേക്കും. ധനമന്ത്രിയെ നേരിൽ കണ്ട് പരാതി പറഞ്ഞിട്ടും പരിഹാരമില്ലാത്തതിനെ തുടർന്നാണ് വ്യാപാരികൾ നവകേരള സദസിൽ പരാതിയുമായിയെത്തുന്നത്.
സമരം ഞായറാഴ്ച തീരുമാനിക്കും
വ്യാപാരികളുടെ സംസ്ഥാന തല സംയുക്ത യോഗം ഞായറാഴ്ച ചേരും. സമരമടക്കമുള്ള പ്രതിഷേധങ്ങൾക്ക് യോഗത്തിൽ തീരുമാനമെടുക്കും. വിതരണം ചെയ്ത ഭക്ഷ്യ ധാന്യത്തിന്റെ കമ്മിഷൻ നൽകാതെയും മറുവശത്ത് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് പണം അടയ്ക്കണമെന്ന നാഷണൽ ഫുഡ് സേഫ്ടി അതോറിട്ടിയുടെ സമ്മർദ്ദവും കാരണം വ്യാപാരികളുടെ കുടുംബങ്ങൾ മാനസിക സമ്മർദ്ദത്തിലാണ്.