ആലപ്പുഴ: ഒരു വർഷം നീണ്ടു നിൽക്കുന്ന ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്‌കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഇന്നും നാളെയും തീയതികളിൽ നടക്കും. ഇന്ന് വൈകിട്ട് 3.30 ന് നടക്കുന്ന സിൽവർ ജൂബിലി പൊതുസമ്മേളനം കർണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എ. എം.നസീർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ ഫാസിൽ മുഖ്യാതിഥിയാകും. അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വൈകിട്ട് 6.30 ന് നടക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 3ന് രക്ഷാകർതൃ സംഗമം മുൻ എം.എൽ.എ അഡ്വ.ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് നടക്കുന്ന ശാസ്ത്ര സെമിനാർ മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ എ.എം.നസീർ , ജനറൽ കൺവീനർ ഫൈസൽ ശംസുദ്ദീൻ, ഭാരവാഹികളായ എസ്.എം.ഷരീഫ്, ടി.എ.അഷ്റഫ് കുഞ്ഞാശാൻ , ഇ. സീന, എ.എം.നൗഫൽ, ഷെഹീർ, ഷാജി ജമാൽ എന്നിവർ പങ്കെടുത്തു.