അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർദ്ധന കിടപ്പു രോഗികൾക്കുള്ള ബ്രഡ് വിതരണം മുടങ്ങി. ബ്രഡ് കമ്പനിക്ക് പണം നൽകാത്തതിനെത്തുടർന്നാണ് വിതരണം നിറുത്തി വച്ചതെന്നാണറിയുന്നത്. കിടപ്പുരോഗികളായ ബി.പി .എൽ കാർഡുകാർക്ക് മുമ്പ് അരലിറ്റർ പാലും 400 ഗ്രാം ബ്രഡും ദിവസേന നൽകി വന്നിരുന്നെങ്കിലും ഏതാനും മാസങ്ങൾക്കു മുമ്പ് ബ്രഡിന്റെ അളവ് 200 ഗ്രാമായി കുറച്ചിരുന്നു. വലിയ തുക കുടിശിക ആയതിനെത്തുടർന്നാണ് സിസംബർ ഒന്നുമുതൽ കമ്പനി ബ്രഡ് വിതരണം നിർത്തിവച്ചത്. രാവിലെ ലഭിക്കുന്ന ബ്രഡ് വളരെ ആശ്വാസകരമായിരുന്നെന്നാണ് നിർദ്ധനരായ കിടപ്പു രോഗികൾ പറയുന്നത്. ബ്രഡ് വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ഗാന്ധിദർശൻ സമിതി പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.