
ആലപ്പുഴ : നഗരം കാത്തിരിക്കുന്ന ചിറപ്പുത്സവത്തിന് ഇനി 10 ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. അന്യസംസ്ഥാന കച്ചവടക്കാരുൾപ്പടെ നഗരത്തിൽ എത്തിതുടങ്ങി. കമാനങ്ങളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. മുല്ലയ്ക്കൽ പോപ്പി ഗ്രൗണ്ടിൽ ഇത്തവണയും കാർണിവലുണ്ട്. വിവിധ റൈഡുകൾ ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന ജോലികളും തുടങ്ങി.15 മുതലാണ് കാർണിവൽ . മുല്ലയ്ക്കൽ മുതൽ കിടങ്ങാംപറമ്പ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി 165 പ്ലോട്ടുകളുടെ ലേലം പൂർത്തിയായി. ഇവിടങ്ങളിൽ താൽക്കാലിക കച്ചവടക്കാർ വരുന്നതിന്റെ ഭാഗമായി , നിലവിലെ വഴിയോര കച്ചവടക്കാരോട് റോഡിൽ നിന്ന് പിൻവശത്തേക്ക് നീങ്ങണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരവമായി ബീച്ച് ഫെസ്റ്റും
ആലപ്പുഴ, മാരാരി ബീച്ചുകളിൽ മുൻ വർഷങ്ങളിലേത് പോലെ തന്നെ ബീച്ച് ഫെസ്റ്റ് നടത്താനാണ് ആലോചന. ഇത് സംബന്ധിച്ച് അടുത്ത ദിവസം യോഗം ചേർന്നാവും അന്തിമതീരുമാനത്തിലെത്തുക. ബീച്ചിൽ സമാന്തര ബൈപ്പാസ് നിർമ്മാണം നടക്കുന്നതിനാൽ വലിയ ജനസഞ്ചയം എത്തിയാൽ വാഹന പാർക്കിംഗ് ഉൾപ്പടെ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. 15 മുതൽ മറൈൻ വേൾഡ് പ്രദർശനവും ബീച്ചിൽ ആരംഭിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ആലപ്പുഴ, മാരാരി ബീച്ചുകളിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നേരിട്ട് ബീച്ച് ഫെസ്റ്റ് നടത്താറുള്ളത്. 28 മുതൽ ഫെസ്റ്റ് സംഘടിപ്പിക്കാനാണ് ആലോചന.
മുൻ വർഷത്തേതോ പോലെ ബീച്ച് ഫെസ്റ്റ് നടത്താനാണ് ആലോചിക്കുന്നത്. അടുത്ത ദിവസം ചേരുന്ന കമ്മിറ്റിയിൽ അന്തിമതീരുമാനമുണ്ടാകും
- ഡി.ടി.പി.സി അധികൃതർ