thankappan

മാന്നാർ: തങ്കപ്പൻ ഈ ലോകത്തു നിന്ന് യാത്രയായെങ്കിലും ആ കണ്ണുകൾ ഇരുളടഞ്ഞ രണ്ടു ജീവിതങ്ങൾക്ക് പ്രകാശമേകും. മാന്നാർ വിഷവർശ്ശേരിക്കര കുറ്റിയിൽ വീട്ടിൽ കെ.തങ്കപ്പന്റെ (72) ഇരുകണ്ണുകളും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരണാനന്തരം ബന്ധുക്കൾ ദാനം ചെയ്യുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന തങ്കപ്പൻ ബുധനാഴ്ച വൈകിട്ടാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തങ്കപ്പന്റെ ഏക മകൾ മാന്നാർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അംഗവും അവളിടം യുവതി ക്ലബ് സെക്രട്ടറിയുമായ എ.അനീഷയും മരുമകൻ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ലാബ് അസിസ്റ്റന്റും നാടക-ചലച്ചിത്ര അഭിനേതാവുമായ എം.പി സുരേഷ് കുമാറും മറ്റ് ബന്ധുക്കളും തങ്കപ്പന്റെ ആഗ്രഹ പൂർത്തീകരണത്തിന് അനുമതി നൽകിയതോടെയാണ്‌ ചൈതന്യ സൈറ്റ് ഫൗണ്ടേഷന്റെ യൂണിറ്റായ അനന്ത ഐ ബാങ്കിന്റെ അധികൃതരെത്തി ഇരു കണ്ണുകളും സ്വീകരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടുവളപ്പിലായിരുന്നു തങ്കപ്പന്റെ സംസ്കാരം.