
ചേർത്തല: ചെറുപ്പക്കാരെ കേരളത്തിൽ നിന്നകറ്റിയ എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്തെ വൃദ്ധസദനമാക്കിയെന്ന് മാത്യുകുഴൽനാടൻ എം.എൽ.എ പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചേർത്തല നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം തകർത്തും പി.എസ്.സിയിലെ പാർട്ടിയിടപെടലുകളിലൂടെ വിശ്വാസം നശിപ്പിച്ചും സഹകരണരംഗത്തെയടക്കം അഴിമതിയുടെ കേന്ദ്രവുമാക്കിയതോടെയാണ് യുവതലമുറ ഇവിടെ വിശ്വസിക്കാതെ പുറംനാടുകളിലേക്ക് പഠനത്തിനും ജോലിക്കായും കടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ നടന്ന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് സി.എം.ഉണ്ണി അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.ഡി.രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി.ആന്റണി,വി.എൻ.അജയൻ,ടി.എസ്.രഘുവരൻ,സി.എ.ജയശ്രീ എന്നിവർ സംസാരിച്ചു.
പ്രതിനിധിസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു.
വി.വരദരാജൻ അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.വി.ഗോപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് ബി.ഹരിഹരൻ നായർ സമരസന്ദേശം നൽകി.
എം.പി.നമ്പ്യാർ, പി.മേഘനാഥൻ, പി.ഒ.ചാക്കോ, കെ.പി.ശശാങ്കൻ, എൽ.പ്രതിഭ, പി.ആർ.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.