
മുഹമ്മ : അടച്ചുറപ്പുള്ള വീടെന്ന പ്രതീക്ഷയിലേക്ക് അടുക്കുകയാണ് ജാനുവമ്മ. പാതി ചരിഞ്ഞ വീട്ടിൽ കാറ്റിനെയും മഴയെയും പേടിച്ച് കഴിഞ്ഞിരുന്ന 78 പിന്നിട്ട ജാനുവമ്മയ്ക്ക് ലൈഫ് പദ്ധതിയിൽപ്പെടുത്തി മുഹമ്മ പഞ്ചായത്ത് നാലുലക്ഷം രൂപ അനുവദിച്ചു. പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയതും അടിത്തറയിളകിയതുമായ വീട്ടിൽ ജീവൻ കൈയിലെടുത്താണ് മുഹമ്മ പഞ്ചായത്ത് നാലാം വാർഡ് ആശാരിപറമ്പിൽ ജാനുവമ്മ കഴിഞ്ഞിരുന്നത്. ക്ഷേമപെൻഷനാണ് പ്രധാന വരുമാനം. വൈക്കത്ത് ഭർത്താവിനൊപ്പം താമസിക്കുന്ന മകൾ ഇടക്കിടെ വന്നു പോകുന്നതാണ് ജനുവമ്മയ്‌ക്കുള്ള ഏക ആശ്വാസം. അടച്ചുറപ്പുള്ള ഒരു വീടിന് വേണ്ടിയുള്ള വർഷങ്ങൾ നീണ്ട അലച്ചിലിന് ഒടുവിലാണ് അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവരുടെ ലിസ്റ്റിൽപ്പെടുത്തി ജാനുവമ്മയ്ക്ക് പഞ്ചായത്ത് വീട് വയ്ക്കാൻ പണം അനുവദിച്ചത്. നാലു ലക്ഷമാണ് അനുവദിച്ചതെങ്കിലും സുമനസുകളുടെ സഹായവും പ്രതീക്ഷിക്കുന്നുണ്ട്.
വീടിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാഷാബു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ എന്നിവർ ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.ടി.റെജി, പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ്, അസി. സെക്രട്ടറി അശോകൻ,
വി.ഇ.ഒ മാരായ റോഷൻ, അനീഷ്, നിർമ്മാണകമ്മിറ്റി കൺവീനർ കെ.കെ.വിശ്വൻ തുങ്ങിയവർ സംബന്ധിച്ചു.