മാവേലിക്കര - ശ്രീബുദ്ധ പുനഃപ്രതിഷ്ഠ ശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീബുദ്ധന്റെ പ്രതിമ സ്‌ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷത്തിനു ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 5.30ന് ബുദ്ധ ജംഗ്ഷനിൽ 100 ചിരാതുകൾ തെളിക്കും. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ പ്രഭാഷണം നടത്തും. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ജോർജ് തഴക്കര അധ്യക്ഷനാവും. ചെറുകോൽ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദ സന്ദേശം നൽകുമെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർ പാർത്ഥസാരഥി വർമ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.അഖിലേഷ്, കോർഡിനേറ്റർ റെജി പാറപ്പുറത്ത് എന്നിവർ അറിയിച്ചു.

നൂറ്റാണ്ടുകൾക്കു മുമ്പ് കണ്ടിയൂരിൽ അച്ചൻകോവിലാറിന്റെ തീരത്തു കമിഴ്ന്നു കിടന്ന ബുദ്ധ പ്രതിമ കണ്ടെത്തി ശ്രീകൃഷ്‌ണ ക്ഷേത്രത്തിനു സമീപം സ്‌ഥാപിക്കുകയായിരുന്നു മാവേലിക്കര മേഖലയിൽ സജീവമായിരുന്ന ബുദ്ധമതം ക്ഷയിച്ചതോടെ ബുദ്ധ പ്രതിമ പുഞ്ചയോടു ചേർന്നു സ്‌ഥാപിച്ചതായാണു ചരിത്രകാരനായ കെ.എസ്.ഉണ്ണിത്താന്റെ കണ്ടെത്തൽ. വിഗ്രഹത്തിന് ഉചിതമായ സ്‌ഥാനം നൽകണമെന്നു പലർക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല. വർഷങ്ങൾക്കു ശേഷം മാവേലിക്കരയിൽ മജിസ്ട്രേട്ട് ആയി എത്തിയ ആണ്ടിപ്പിള്ളയുടെ കണ്ടിയൂരിലെ വീട്ടിൽ ചട്ടമ്പി സ്വാമി സന്ദർശനത്തിന് എത്തിയപ്പോൾ ചിലർ പ്രതിമയുടെ കാര്യം ശ്രദ്ധയിൽപ്പെടുത്തി. സ്വാമിയുടെ നിർദ്ദേശ പ്രകാരം ആണ്ടിപ്പിള്ള തിരുവിതാംകൂർ ദിവാൻ രാഘവയ്യയെ സന്ദർശിച്ചു കാര്യം അറിയിച്ചു. അങ്ങനെ ദിവാന്റെ ഉത്തരവു പ്രകാരം പ്രതിമ ശ്രീകൃഷ്ണ‌ ക്ഷേത്രത്തിനു സമീപം 1923 ൽ സ്‌ഥാപിക്കുകയായിരുന്നു. മാവേലിക്കര കൊട്ടാരത്തിൽ നിന്നു പ്രതിമ സ്ഥാപിക്കാൻ മണ്ഡപം നിർമിച്ചു നൽകി. ബുദ്ധ വിഗ്രഹത്തിനു പീഠം ഉൾപ്പെടെ മൂന്നടിയോളം ഉയരമുണ്ട്.