മാവേലിക്കര: ​ കല്ലുമല മേൽപ്പാലം പദ്ധതി പ്രദേശത്തെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി പ്രസരണ ടവറുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണുപരിശോധന തുടങ്ങി. എം.എസ് അരുൺകുമാർ എം.എൽ.എ, ഇടപ്പോൺ സബ് ഡിവിഷൻ അസി.എക്സി.എൻജിനീയർ ഡോ.ബിജു ജേക്കബ്, ഡി.തുളസീദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. 66 കെ.വി വൈദ്യുതി പ്രസരണ ലൈനിലെ എട്ടുമീറ്റർ ഉയരമുള്ള പത്ത് ടവറുകൾ മാറ്റി 35 മീറ്ററിലേറെ ഉയരമുള്ള മൂന്നു ടവറുകളാണ് സ്ഥാപിക്കുന്നത്. ആർ.ബി.ഡി.സി.കെ പ്രവർത്തനങ്ങൾക്കായി 2.1 കോടി രൂപ പ്രസരണ വിഭാഗത്തിന് അടച്ചിട്ടുണ്ട്.

പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനം നവംബർ 22ന് പുറത്തിറങ്ങിയിരുന്നു. സംസ്ഥാന സർക്കാർ കിഫ്ബി വഴി 38.22 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെറിയനാട് , മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കര സ്‌റ്റേഷന് വടക്കു ഭാഗത്തുള്ള എൽ.സി നമ്പർ 28ലാണ് മേൽപ്പാലം വരുന്നത്. റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് ഗവ.ആയുർവേദ ആശുപത്രിക്ക് സമീപം വെള്ളൂർകുളം മുതൽ ഗേറ്റിന് കിഴക്ക് ബിഷപ് മൂർ കോളേജ് ഹോസ്റ്റലിന് മുന്നിൽ വരെ 500 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. 1.50 മീറ്റർ വീതിയിൽ ഒരു വശത്ത് നടപ്പാതയുമുണ്ടാകും. പാളം മറികടക്കുന്ന സ്ഥലത്ത് 8.3 മീറ്ററാണ് പാലത്തിന്റെ ഉയരം.