ആലപ്പുഴ: നവകേരള സദസിന് മുന്നോടിയായി ആലപ്പുഴ മണ്ഡലത്തിൽ സാംസ്‌കാരിക ഉത്സവത്തിന് തിരി തെളിഞ്ഞു. നഗരചത്വരത്തിൽ ഗായികയും സ്വാതന്ത്ര്യ സമര സേനാനിയുമായ പി.കെ.മേദിനി ഉദ്ഘാടനം ചെയ്തു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, കളക്ടർ ജോൺ വി.സാമുവൽ, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, കൗൺസിലർ എം.ആർ.പ്രേം, കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബു, നവ കേരള സദസ് മണ്ഡലം കൺവീനർ സി. പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.

ജി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ വിജയകേരളം വിജ്ഞാനകേരളം മെഗാ ടാലന്റ് ഹണ്ട് അവതരിപ്പിച്ചു. വിപണന പ്രദർശനമേളയിൽ കെ.എസ്.ഡി.പി, എക്‌സൈസ്, ഫിഷറീസ് തുടങ്ങി സർക്കാർ വകുപ്പുകളുടെയുൾപ്പെടെ 35 സ്റ്റാളുകൾ നഗരചത്വരത്തിൽ ഒരുക്കി. ഭക്ഷ്യ ഉത്പങ്ങൾ, കരകൗശല വസ്തുക്കൾ, പുസ്തകങ്ങൾ, കയർ ഉത്പന്നങ്ങൾ, ചിത്രകല പ്രദർശനം എന്നിവയും സ്റ്റാളുകളിലുണ്ട്. 13 വരെ പ്രദർശന വിപണനം തുടരും. ഇപ്റ്റ അവതരിപ്പിച്ച നാടൻ പാട്ടും ദൃശ്യ ആവിഷ്‌കാരവും അരങ്ങേറി.