എടത്വാ: പമ്പാനദിയിൽ മുങ്ങിതാഴ്ന്ന യുവതിയെ സഹസികമായി യുവാവ് രക്ഷിച്ചു. എടത്വാ പഞ്ചായത്ത് 7ാം വാർഡിൽ തകഴിവീട്ടിൽ ബിജുവിന്റെ ഭാര്യ മിനിയ്ക്കാണ് സമീപവാസിയായ ആലപ്പാട്ട് പുറത്തറ കെന്നറ്റ് ജോർജ്ജ് രക്ഷകനായത്. ഇന്നലെ ഉച്ചക്ക് 12 ന് പുറത്തറ നദിയിലാണ് സംഭവം. തുണി കഴുകുവാൻ പമ്പയാറ്റിൽ ഇറങ്ങിയ മിനി കാൽ വഴുതി ആഴമേറിയ നദിയിൽ അകപ്പെടുകയായിരുന്നു. ഒച്ചകേട്ട് ഓടിയെത്തിയ കെന്നറ്റ് നദിയിലേക്ക് എടുത്തുചാടി രക്ഷപെടുത്തുകയായിരുന്നു. എടത്വ ആലപ്പാട്ട് പുറത്തറ ജോസിയുടെയും എടത്വാ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ മറിയാമ്മ ജോർജ്ജിന്റേയും പുത്രനാണ് കെന്നറ്റ് ജോർജ്ജ്.