ph

കായംകുളം : കായംകുളം നഗരസഭയിൽ ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷം പിന്നിട്ടിട്ടും സസ്യമാർക്കറ്റിന്റെ കെട്ടിടം വ്യാപാരികൾക്ക് തുറന്ന് കൊടുക്കാതെ അധികൃതർ. കഴിഞ്ഞ ദിവസം സസ്യമാർക്കറ്റ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ വിജിലൻസ് വീണ്ടും പരിശോധന നടത്തി. ഏഴ് കോടി വായ്പ എടുത്തതിൽ പൈസ തിരിച്ചടക്കുവാൻ നഗരസഭയ്ക്ക് കഴിയാതെ വലിയ സാമ്പത്തിക ബാധ്യതയെ അഭിമുഖീകരിക്കുകയാണ്. കെട്ടിട നിർമ്മാണത്തിൽ അപാകതയുണ്ടെന്ന വിലയിരുത്തലിലാണ് വിജിലൻസ് സംഘം മുന്നോട്ട് പോകുന്നത്. കെട്ടിട നിർമ്മാണം തുടങ്ങി പൂർത്തീകരിച്ചത് വരെയുള്ള കാലയളവിൽ ഇതിന്റെ ചുമതലയുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും തിങ്കളാഴ്ച നഗരസഭയിൽ വിളിപ്പിച്ചിരുന്നു. ഇവരിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. ബന്ധപ്പെട്ട ഫയലുകളും വിജിലൻസ് സംഘം കൊണ്ടുപോയതായി സൂചനയുണ്ട്. കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചിട്ട് വാടകയ്ക്ക് നൽകിയിട്ടില്ല. ഡിപ്പോസിറ്റ് തുക കൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. വാടക ഇനത്തിൽ നഗരസഭയ്ക്ക് കിട്ടേണ്ട പണം നഷ്ടപെട്ടു. ഇതിന്റെ കാരണങ്ങളും വിജിലൻസ് സംഘം പരിശോധിക്കുന്നുണ്ട്.

കെട്ടിടം നിർമ്മിച്ചതിൽ അപാകതയുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. കെട്ടിടം പ്രവർത്തിച്ച് തുടങ്ങുന്നതിന് മുമ്പ് തന്നെ ചോർന്നിരുന്നു. നിർമ്മാണത്തിലെ അപാകത കണ്ടെത്താൻ പി.ഡബ്ലു.ഡി എൻജിനിയറുടെ സഹായത്തോടെയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.

........

# ഏഴ് കോടി

ഏഴ് കോടി രൂപ വായ്പ എടുത്ത് നിർമ്മിച്ച കെട്ടിടത്തിൽ നിന്ന് വരുമാനം ലഭിയ്ക്കാത്തത് തിരിച്ചടവിനെ ബാധിച്ച് നഗരസഭ വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിയ്ക്കുകയാണിപ്പോൾ.കെ.യു.ആർ.ഡി.എഫ്സിയിൽ നിന്ന് 7 കോടി രൂപ വായ്പ ഇടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. 2017 ആദ്യം തന്നെ കെട്ടിടത്തിന്റെ പണി പൂർത്തായായിരുന്നു. തുടർന്ന് വൈദ്യുതീകരണത്തിനായി പി.ഡബ്ളിയു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന് അപേക്ഷ നൽകിയിട്ടും കാര്യങ്ങളിൽ തീരുമാനമായില്ല. 2009 ലെ നഗരസഭാ കൗൺസിലാണ് നിലവിലുണ്ടായിരുന്ന പഴയ ഇരുനില കെട്ടിടം പൊളിക്കാൻ തീരുമാനമെടുത്തത്. ഒഴിപ്പിച്ച വ്യാപാരികൾക്ക് നഗരസഭയുടെ സ്ഥലത്ത് താത്കാലിക കച്ചവടത്തിന് സൗകര്യം നൽകുകയായിരുന്നു. മൂന്ന് നിലകളോടുകൂടിയ കെട്ടിടത്തിൽ 42 മുറികളും ലോഡ്ജിംഗ് സൗകര്യവുമുണ്ട്. മത്സ്യ മാർക്കറ്റിലെ രൂക്ഷമായ ഗതാഗതാഗത കുരുക്കുനും കെട്ടിടം തുറന്ന് കൊടുക്കാത്തത് ഒരു കാരണമാണ്.