ആലപ്പുഴ : നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ജനുവരി 4 വരെ സ്റ്റേ ചെയ്തുള്ള ഹൈക്കോടതി ഉത്തരവ് നാടിന് ആശ്വാസമായി. ഏതാനും ആഴ്ചകളായി മറ്റപ്പള്ളിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിവന്ന രാപ്പകൽ സമരം ഇതോടെ താൽക്കാലികമായി അവസാനിപ്പിച്ചു. ഇന്നലെ വൈകിട്ട് മറ്റപ്പള്ളിയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ദസമിതിയുടെ സന്ദർ‌ശനവേളയിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കാനാണ് തീരുമാനം. നവകേരള സദസിലും ഇത് സംബന്ധിച്ച് പരാതി നൽകും.

പ‌ഞ്ചായത്ത് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരടക്കമുള്ളവർ നൽകിയ ഹർജിയിൽ ഡിവിഷൻ ബ‌ഞ്ചിന്റേതാണ് ഹൈക്കോടതി ഉത്തരവ്. അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മറ്റപ്പള്ളി മലയിൽ പരിശോധന നടത്തി കേന്ദ്ര മാർഗരേഖ പാലിച്ചാണോ മണലെടുപ്പിന് അനുമതി നൽകിയതെന്നതടക്കം വ്യക്തമാക്കി റിപ്പോർട്ട് നൽകാനും വ്യവസായ വകുപ്പ് സെക്രട്ടറിയോട്നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര മാർഗരേഖ പാലിച്ചല്ല മണ്ണെടുപ്പെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. മണ്ണെടുപ്പിന് പൊലീസ് സുരക്ഷ നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടികാട്ടി കരാറുകാരൻ പൊലീസിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയെങ്കിലും സുരക്ഷ നൽകാനുള്ള ഉത്തരവും കോടതി സ്റ്റേ ചെയ്തു.

പ്രതിഷേധം ശക്തമായതിന് പിന്നാലെ കൃഷിമന്ത്രി പി പ്രസാദ് ഇടപെട്ട് സർവ കക്ഷി യോഗം വിളിക്കുകയും മണ്ണെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തെങ്കിലും നിർദ്ദേശം അവഗണിച്ച് കരാറുകാരൻ മണ്ണെടുപ്പ് പുനരാരാരംഭിക്കാൻ ശ്രമിച്ചത് നാട്ടുകാരുടെ എതിർപ്പിനും രാപ്പകൽ സമരത്തിനും ഇടയാക്കിയിരുന്നു.

മണ്ണെടുത്താൽ കുടിവെള്ളം മുട്ടുമെന്ന് നാട്ടുകാർ

 2008 മുതൽ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ എതിർത്തുവരികയാണ്

 ദേശീയ പാത നിർമാണത്തിനായാണ് ഇപ്പോൾ മറ്റപ്പള്ളിയിൽ കുന്നിടിച്ചു മണ്ണെടുക്കാൻ തുടങ്ങിയത്

 മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാർ പലതവണ വ്യക്തമാക്കി

 മലകൾ ഇടിച്ചു നിരത്തിയാൽ നാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ആരോപണം

 3പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളവിതരണത്തിനുള്ള ടാങ്ക് മലമുകളിലാണുള്ളത്. മണ്ണെടുപ്പ് തുടർന്നാൽ വാട്ടർ ടാങ്ക് തകരും