
മാന്നാർ: കുട്ടംപേരൂർ കുറ്റിയിൽ ശ്രീ ദുർഗാദേവീ ക്ഷേത്രത്തിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന സപ്‌താഹ യജ്ഞത്തോടനുബന്ധിച്ച് ചെങ്ങന്നൂർ താലൂക്കിലെ ഏറ്റവും മികച്ച മിസലേനിയസ് സഹകരണസംഘം പ്രസിഡന്റിനുള്ള സർക്കിൾ സഹകരണ യൂണിയൻ അവാർഡ് കരസ്ഥമാക്കിയ മാന്നാർ മന്മദന് കുട്ടംപേരൂർ കുറ്റിയിൽ ശ്രീദുർഗാ ദേവീക്ഷേത്രം ആദരവ് നൽകും. നാളെ നടക്കുന്ന ഭദ്രദീപ പ്രതിഷ്ഠാ സമ്മേളനത്തിൽ കേരള ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശനിൽ നിന്ന് മാന്നാർ മന്മദൻ ആദരവ് ഏറ്റുവാങ്ങും. തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ മന്മദന്റെ നേതൃത്വത്തിൽ 28 അംഗങ്ങളുമായി 2013ൽ രൂപീകരിച്ച ചെങ്ങന്നൂർ ചെറുകിട വ്യവസായി ക്ഷേമ സഹകരണ സംഘം ജനോപകാരപ്രദമായ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത്. സംഘത്തിന്റെ പത്താം വർഷം പാണ്ടനാട് ബ്രാഞ്ച് തുടങ്ങുവാനും മെഡിക്കൽ ക്യാമ്പുകൾ, ചികിൽസാ സഹായങ്ങൾ, വ്യവസായ സെമിനാറുകൾ, മാനസിക വൈകല്യം നേടുന്നവർക്കായി കൗൺസിലിംഗ് ക്ലാസുകൾ, വ്യവസായ ട്രെയിനിങ് ക്ലാസുകൾ എന്നിവ നടത്തുവാനും വ്യവസായ വകുപ്പും ഖാദി ബോർഡുമായി സഹകരിച്ച് വ്യവസായ ലോണുകൾ നൽകുവാനും കഴിഞ്ഞത് മാന്നാർ മന്മദന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ്. കേരള സംസ്ഥാന ചെറുകിട വ്യവസായി അസോസിയേഷൻ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, ചെങ്ങന്നൂർ ചെറുകിട വ്യവസായി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മാന്നാർ മന്മദൻ വികലാംഗ അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്.