ആലപ്പുഴ: തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ ആലപ്പുഴയിലെ സജീവ സാന്നിദ്ധ്യമായിരുന്നു കാനം. എ.ഐ.ടി.യു.സി സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്ത് ജില്ലയിലെ പൊതുമേഖലയിലെ അടക്കമുള്ള സ്ഥാപനങ്ങളിലെ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മുഖ്യ കണ്ണിയായിരുന്നു അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അദ്ദേഹം മുന്നോട്ടുവച്ച പല നിർദ്ദേശങ്ങളും ഓട്ടോകാസ്റ്റ് അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രയാണത്തിന് വഴിയൊരുക്കിയെന്നത് ചരിത്രം. 1970 ൽ ആലപ്പുഴയിൽ നടന്ന എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തിലാണ് ഇരുപതാമത്തെ വയസിൽ അദ്ദേഹം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ ദേശീയസമ്മേളനം ആലപ്പുഴയിൽ നടത്താൻ അദ്ദേഹം സ്വീകരിച്ച നേതൃത്വപരമായ തീരുമാനം മാതൃകാപരമായിരുന്നു. ജില്ലയിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയർച്ചയ്ക്കായും അദ്ദേഹം പ്രയത്‌നിച്ചു. സി.പി.ഐ ഭരണിക്കാവ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് കാനം അവസാനമായി ജില്ലയിലെത്തിയത്.


പൊതുപ്രവർത്തനം ആരംഭിച്ചനാൾ മുതൽ ആലപ്പുഴയുമായി അടുത്ത ഹൃദയ ബന്ധമുള്ളയാളായിരുന്നു കാനം രാജേന്ദ്രൻ. ജില്ലയിലെ പാർട്ടി സംഘടനാ ചുമതലക്കാരനായും പ്രവർത്തിച്ചിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയായതിന് ശേഷം ജില്ലയിലെ പൊതു പരിപാടികളിലും പാർട്ടി ഘടക യോഗങ്ങളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് അക്ഷീണം പ്രവർത്തിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടത്

ടി.ജെ ആഞ്ചലോസ്,​ സി.പി.ഐ ജില്ലാസെക്രട്ടറി