
ആലപ്പുഴ: സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ നാടിന് മാതൃക. പാർലമെന്റ്-അസംബ്ളി-ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അനുസ്‌മരിക്കും വിധം ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീൻ (ഇ.വി.എം) സംവിധാനത്തിലൂടെയാണ് വിദ്യാർത്ഥികൾ സമ്മതിദാന അവകാശം വിനിയോഗിച്ചത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ എട്ടാംക്ളാസിലെ അഞ്ച് ഡിവിഷനുകളിലായി 153 വിദ്യാർത്ഥികളാണ് പുത്തൻ സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പറിൽ പേരെഴുതി വോട്ട് ചെയ്യുന്ന 'പഴഞ്ചൻ' രീതിയിൽ നിന്ന് ഇ.വി.എം എന്ന ആധുനിക സംവിധാനത്തിലേക്കുള്ള മാറ്റം കുട്ടികൾക്ക് നന്നേ രസിച്ചു.
ആദ്യഘട്ടമെന്ന നിലയിൽ എട്ടംക്ളാസിലെ അഞ്ച് ഡിവിഷനുകളിൽ മാത്രമായിരുന്നു ഇ.വി.എം വോട്ടിംഗ് സംവിധാനം ഒരുക്കിയത്. സംഭവം വിജയിച്ചതോടെ അടുത്ത സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഴുവൻ ക്ളാസുകളിലും പുത്തൻ സംവിധാനം ഒരുക്കാനാണ് തീരുമാനം.
സ്കൂൾ മാനേജർ ഇടശ്ശേരി രവി, ഹെഡ്മാസ്റ്റർ എ.ഹമീദ്, പി.ടി.എ പ്രസിഡന്റ് സി.എച്ച്. സാലി എന്നിവരുടെ നിർദ്ദേശാനുസരണം അദ്ധ്യാപകരായ ബി.റിയാസ്, അരുൺ എന്നിവരാണ് തിരഞ്ഞെടുപ്പിന് ആവശ്യമായ സംവിധാനമൊരുക്കിയത്. പി.ടി.എയും സ്റ്റാഫ് കൗൺസിലും സഹായം നൽകി. അടുത്ത വർഷം മുഴവൻ ക്ലാസുകളിലും ഇ.വി.എം സംവിധാനത്തിൽ വോട്ടെടുപ്പ് നടത്തുമെന്ന് സ്കൂൾ മാനേജർ പറഞ്ഞു.
എല്ലാം 'ഒർജിനൽ'
സ്ഥാനാർത്ഥികളുടെ പേരും ഫോട്ടോയും വോട്ടിംഗ് ടാബിലെ സോഫ്റ്റുവെയറിലേക്ക് ആദ്യം അപ്‌ലോഡ് ചെയ്‌തു. ഇ.വി.എം നിയന്ത്രിക്കാൻ കൺട്രോളിംഗ് യൂണിറ്റും സജ്ജമാക്കി. പ്രിസൈഡിംഗ് ഓഫീസർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചപ്പോൾ മൂന്ന് പോളിംഗ് ഓഫീസർമാരെ സഹായത്തിനായി മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിയമിച്ചു.കള്ളവോട്ട് തടയാൻ വിദ്യാർത്ഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കി.പരിശോധിക്കാൻ ബൂത്ത് ഏജന്റിനെയും ചമതലപ്പെടുത്തി.വിദ്യാർത്ഥികളെ ഐഡി കാർഡ് പരിശോധിച്ച ശേഷം സെക്യൂരിറ്റി ഓഫീസർ പോളിംഗ് ബൂത്തിലേക്ക് പ്രവേശിപ്പിക്കും. ഒന്നാം പോംളിംഗ് ഓഫീസർ പേര് വിളിച്ച് കാർഡ് പരിശോധിച്ച് ഉറപ്പ് വരുത്തും.പിന്നീട് വിരലിൽ മഷി പുരട്ടും. ഇതിനും വിദ്യാർത്ഥികൾക്കായിരുന്നു ചുമതല. നിമിഷനേരം കൊണ്ട് ഫലം അറിയാനുള്ള
ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു.ആകെ വോട്ട്, സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് എന്നിവ വോട്ട് ചെയ്ത സമയം എന്നിവയെല്ലാം എക്‌സൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ സംവിധാനം ക്രമീകരിച്ചിരുന്നു.