ആലപ്പുഴ: നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന ജനറൽ ആശുപത്രി ഫ്ളൈ ഓവർ പദ്ധതിക്ക് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കുരുക്കാകുമോയെന്ന് ആശങ്ക. ഭൂമി ഏറ്റെടുക്കലിനും ഫ്ളൈ ഓവർ നിർമ്മാണത്തിനുമായി കോടികൾ ചെലവഴിക്കേണ്ടിവരുന്ന പദ്ധതിയെന്ന നിലയിൽ ഇക്കാര്യത്തിൽ പുനരാലോചന നടത്താനാണ് സ്ഥലം സന്ദർശിച്ച കിഫ് ബി സംഘത്തിന്റെ തീരുമാനം.ജനറൽ ആശുപത്രി ജംഗ്ഷൻ വികസനവും ഫ്ളൈഓവറുമുൾപ്പെടെയുള്ള പദ്ധതിയുടെ ഡി.പി.ആറായിരുന്നു പൊതുമരാമത്ത് വകുപ്പ് സർക്കാരിന് സമർപ്പിച്ചിരുന്നത്. ടി.ഡി സ്കൂളിന് മുന്നിൽ തുടങ്ങി കേരള ബാങ്കിന് മുൻവശം അവസാനിക്കും വിധം അരകിലോമീറ്ററിലധികം ദൂരത്തിലായിരുന്നു ഫ്ളൈ ഓവർ. പഴയ ദേശീയ പാതയുടെ ഭാഗമായ കളർകോട്- ജനറൽ ആശുപത്രി- ബോട്ട് ജെട്ടി റോഡിലെ ഗതാഗതക്കുരുക്കിനും ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നലിലെ കാത്തുകിടപ്പിനും പരിഹാരമെന്ന നിലയിലായിരുന്നു പദ്ധതി. കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി അധികം താമസിയാതെ കിഫ് ബി സർക്കാരിന് റിപ്പോർട്ട് നൽകുമെന്നാണ് അറിയുന്നത്. സർക്കാരിന്റെതാവും ഇക്കാര്യത്തിലെ അന്തിമ തീരുമാനം.
കിഫ് ബിയുടെ കണ്ടെത്തൽ
1.ആലപ്പുഴ ബൈപ്പാസ് തുറന്നതോടെ ജനറൽ ആശുപത്രി ജംഗ്ഷനിൽ ഗതാഗത തിരക്കും കുരുക്കും കുറഞ്ഞു
2.ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ ബൈപ്പാസ് കൂടി യാഥാർത്ഥ്യമാകുമ്പോൾ തിരക്ക് ഇനിയും കുറയാൻ സാദ്ധ്യത
3.ഫ്ളൈഓവറിനേക്കാൾ ജനറൽ ആശുപത്രി ജംഗ്ഷന്റെ വികസനത്തിനാകണം മുൻഗണന
ഭാരിച്ച സാമ്പത്തിക ബാദ്ധ്യത
ഫ്ളൈ ഓവർ നിർമ്മാണത്തിന് ചെലവഴിക്കുന്നതിലും കുറഞ്ഞ തുകയ്ക്ക് ജനറൽ ആശുപത്രി ജംഗ്ഷൻ വിപുലീകരിക്കാമെന്നാണ് കിഫ് ബിയിലെ സാങ്കേതിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ടി.ഡി എൽ.പി.എസ് മുതൽ കേരള ബാങ്ക് വരെ നിലവിലെ റോഡിൽ നിന്ന് 6.5 മീറ്റർ കൂടി സ്ഥലം ഏറ്റെടുത്താൽ ടി.ഡി സ്കൂളിൽ നിന്നും കളക്ട്രേറ്റ് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് അനുവദിച്ചാൽ ഇപ്പോഴത്തെ കാത്ത് കിടപ്പിനും ഗതാഗത കുരുക്കിനും വലിയൊരളവുവരെ പരിഹാരം കാണാനാകുമെന്നാണ് അവരുടെ നിഗമനം. ഫ്ളൈ ഓവറിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ കച്ചവടക്കാരുൾപ്പെടെ കൂടുതൽപേരെ ഒഴിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടിവരുന്നത് സർക്കാരിന് ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയ്ക്ക് കാരണമാകും. എന്നാൽ , ബോട്ട് ജെട്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കളക്ട്രേറ്റ് റോഡിലേക്കും കളക്ട്രേറ്റ് റോഡിൽ നിന്ന് എസ്.ഡി.കോളേജ് ഭാഗത്തേക്കുമുള്ള വാഹനങ്ങൾ റോഡിൽ ഗതാഗത കുരുക്കിന് കാരണമാകുമെന്ന ആശങ്കയും കിഫ് ബി സംഘം പരിഗണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വിശദമായ ചർച്ചകൾക്ക് ശേഷമാകും അന്തിമ തീരുമാനം.