# പൂന്തോട്ടം, ഫുട്പാത്ത്, കഫേ...
ആലപ്പുഴ: തീരദേശത്തെ പ്രധാന സ്റ്റേഷനായ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഇനി
ഏഴ്അഴകിൽ വെട്ടിത്തിളങ്ങും. അമൃത് ഭാരത് പദ്ധതിയുടെ ഒന്നാംഘട്ടമായ എട്ടുകോടിയുടെ പദ്ധതിയിലുൾപ്പെടുത്തി, സ്റ്റേഷന്റെ പാർക്കിംഗ് ഏരിയ ഉൾപ്പടെ പ്രധാന പാതകളും നവീകരിക്കും. കടപ്പുറം റെയിൽവേ ഗേറ്റിൽ നിന്നും ഇ.എസ്.ഐ ആശുപത്രി റോഡിൽ നിന്നും സ്റ്റേഷനിലേക്കുള്ള റോഡുകളുടെ ഇരുവശവും ഫുട് പാത്തും ഗാർഡനും ഉൾപ്പടെ സ്ഥാപിച്ച് മനോഹരമാക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി. സ്റ്റേഷൻ റോഡ് വികസനത്തിന് തടസമായ മരങ്ങളും ചില്ലകളും റെയിൽവേ കഴിഞ്ഞ ദിവസം മുറിച്ചുനീക്കിയിരുന്നു. റോഡിന്റെ ഇരുവശവും മാലിന്യം നീക്കി ഫുട്പാത്താക്കി നവീകരിക്കുന്നതിനൊപ്പം സ്ഥലസൗകര്യമുള്ളയിടങ്ങളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കാനുമാണ് പദ്ധതി. സ്റ്റേഷനിലേക്കുള്ള റോഡിന്റെ ഇരുവശവും സ്വദേശികളും വിദേശികളുമായ പൂച്ചെടികളും അത്യപൂർവമായ ഇലച്ചെടികളും ഫലവൃക്ഷങ്ങളും കൊണ്ട് മനോഹരമാക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്റ്റേഷൻ റോഡിൽ സി.സി ടി.വി കാമറകളും സ്ഥാപിക്കും. പാർക്കിംഗ് സൗകര്യം വിപുലമാക്കുന്നതിനൊപ്പം യാത്രക്കാർക്ക് വിശ്രമ സൗകര്യമുൾപ്പെടെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും അമൃത് ഭാരത് പദ്ധതി പ്രകാരം സജ്ജമാക്കും. വിനോദ സഞ്ചാരികളുൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന ആലപ്പുഴ റെയിൽ വേസ്റ്റേഷൻ അടിമുടി നവീകരിക്കുകയാണ് ലക്ഷ്യം.
# വരുന്നൂ, റെയിൽകോച്ച് കഫേ
കടപ്പുറം റെയിൽവേ ഗേറ്റിൽ നിന്ന് സ്റ്റേഷനിലേക്കുള്ള റോഡിന്റെ ഇടതുവശത്തെ റെയിൽവേ വക കെട്ടിടത്തിൽ റെയിൽകോച്ച് കഫേ ആരംഭിക്കാനും പദ്ധതിയുണ്ട്. മുമ്പ് റെയിൽവേ ഉപയോഗിച്ചിരുന്ന കോച്ചുകളെ ഹോട്ടലുകളും കഫറ്റേറിയയുമാക്കി രൂപാന്തരപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകളിലേതുപോലെ പഴയ കോച്ചുകളിൽ അടുക്കളയും ഡൈനിംഗ് ഏരിയയയും കാഷ് കൗണ്ടറും വിശ്രമകേന്ദ്രവുമെല്ലാം സജ്ജമാക്കും. നാടൻ ഭക്ഷണങ്ങൾക്കൊപ്പം മുന്തിയയിനം ഭക്ഷണവും ഇവിടെ ലഭ്യമാക്കും സ്വകാര്യ പങ്കാളിത്തത്തോടെയാണ് റെയിൽകോച്ച് കഫേ പ്രവർത്തിപ്പിക്കുക. റെയിൽവേ യാത്രക്കാർക്കൊപ്പം ആലപ്പുഴയിലും ബീച്ചിലും സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികളെയും കഫേയിലേക്ക് ആകർഷിക്കാനാകും. യാത്രക്കാർക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സൗകര്യത്തിനൊപ്പം റെയിൽവേയുടെ നിഷ്ക്രിയ ആസ്തികൾ വരുമാന ദായക സംരംഭങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.