ആലപ്പുഴ:കാന്റീൻ സൗകര്യമില്ലാതെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ അനുഭവിച്ച ദുരിതത്തിന് പരിഹാരമായി. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ അടച്ചുപൂട്ടിയിട്ടിരുന്ന റെയിൽവേ കാന്റീനുകളിലൊന്ന് തുറന്നു. കൊവിഡിനെ തുടർന്ന് പൂട്ടിയ രണ്ട് കാന്റീനുകളിലൊന്നാണ് തുറന്നത്. ആലപ്പുഴ റെയിൽവേസ്റ്റേഷനിലെ കാന്റീനുകൾ പൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് കേരള കൗമുദി മുമ്പ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഫുട് ഓവർ ബ്രിഡ്ജിന് സമീപത്തെ കാന്റീനാണ് കഴിഞ്ഞ ദിവസം പ്രവർത്തനം പുനരാരംഭിച്ചത്. യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും ന്യായ വിലയ്ക്ക് ആഹാരസാധനങ്ങൾ ലഭ്യമായിരുന്ന കാന്റീനുകൾ ലോക്ക് ഡൗണിനെ തുടർന്നാണ് അടച്ചുപൂട്ടിയത്. കൊവിഡാനന്തരം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങി വർഷം രണ്ട് പിന്നിട്ടിട്ടും റെയിൽവേ കാന്റീന്റെ കരാർ പുതുക്കി നൽകാനോ പുതിയ കരാറുകാരെ ക്ഷണിക്കാനോ റെയിൽവേ തയ്യാറായിരുന്നില്ല. വാടക ഇനത്തിൽ നല്ലൊരു തുകയും റെയിൽവേയ്ക്ക് നഷ്ടമായിരുന്നു. സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണത്തിനുള്ള സൗകര്യമില്ലാത്തതും അതിന്റെ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത വന്നതിന് പിന്നാലെയാണ് കാന്റീനുകളിലൊന്ന് പ്രവർത്തനം ആരംഭിച്ചത്.
.....................................
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ
പ്രതിദിന ട്രെയിനുകൾ : 33
യാത്രക്കാർ : ശരാശരി 12,000
വരുമാനം : ശരാശരി 10 ലക്ഷം
.........................
'' സ്റ്റേഷനിലെ ഒരു കാന്റീൻ കൂടി തുറന്നുപ്രവർത്തിക്കാനായുണ്ട്. ഇതും ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സ്റ്റേഷൻ മാസ്റ്റർ, ആലപ്പുഴ