കായംകുളം: എ.ബി.വി.പി പ്രവർത്തകനായിരുന്ന ചെങ്ങന്നൂർ കോട്ട സ്വദേശി വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സാക്ഷി വിസ്താരം ചൊവ്വാഴ്ച ആരംഭിക്കും.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്.എസ്. സീന മുമ്പാകെയാണ് വിസ്‌താരം. സംഭവത്തിൽ പരുക്കേറ്റ വിഷ്ണു പ്രസാദ്, ശ്രീജിത്ത് എന്നിവരെയാണ് ആദ്യം വിസ്തരിക്കുക.
2012 ജൂലായ് 16നാണ് കോളേജിൽ നവാഗതർക്ക് സ്വാഗതം ആശംസിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ വിശാൽ ഉൾപ്പെടെയുള്ളവരെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരും പന്തളം സ്വദേശികളുമായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ഷെഫീക്ക്, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ വെൺമണി സ്വദേശി ആയ ഷമീർ റാവുത്തർ തുടങ്ങിയവർ സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ വിശാൽ അന്നു രാത്രിയിൽതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. വിശാലിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ അതീവ ഗുരുതരമായി പ്രതികൾ മുറിവേൽപ്പിക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണം എന്ന നിലയിൽ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു വിശാലിന്റെ കൊലപാതകം. ആദ്യം ലോക്കൽ പൊലീസും തുടർന്ന് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ വിവിധ ജില്ലക്കാരായ 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം ഫയൽ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.