# പൊളിച്ചുനീക്കി വിശ്രമകേന്ദ്രങ്ങൾ

ആലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി റോഡിന് ഇരുവശത്തെയും വിശ്രമ കേന്ദ്രങ്ങൾ പൊളിച്ചുനീക്കിയതോടെ യാത്രക്കാർ വാഹനം കാത്തുനിൽക്കുന്നത് കത്തുന്നവെയിലിൽ. യാത്രക്കാർക്ക് തണലും തണുപ്പുമേകിയിരുന്ന മരങ്ങൾ വെട്ടിവീഴ്‌ത്തുകയും കാത്തിരിപ്പുകാർക്ക് ആശ്വാസമായിരുന്ന വിശ്രമ കേന്ദ്രങ്ങൾ പൊളിച്ചുമാറ്രുകയും ചെയ്തതോടെ ദേശീയ പാത ചുട്ടുപൊള്ളുന്നതായി. കനത്തചൂടും പൊടിക്കാറ്റും കൂടിയാകുമ്പോൾ മരുഭൂമിക്ക് തുല്യം. ഇതിനിടയിലൂടെ വേണം ചെറുതും വലുതുമായി ആയിരക്കണക്കിന് വാഹനങ്ങളും അതിലും എത്രയോ ഇരട്ടി യാത്രക്കാരും ദിവസേന ഇതുവഴി കടന്നുപോകാൻ. ഇതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളും കുഞ്ഞുങ്ങളുമാണ്.

തുറവൂർ മുതൽ ഓച്ചിറ വരെ ആറുവരി പാതയാക്കുന്നതിന്റെ ഭാഗമായി അറുപതോളം വഴിയോര വിശ്രമകേന്ദ്രങ്ങളാണ് പൊളിച്ചുനീക്കിയത്. കെ.എസ്.ആർ.ടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ടീയപാർട്ടികൾ തുടങ്ങി വായനശാലകൾ പണികഴിപ്പിച്ച വിശ്രമ കേന്ദ്രങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്.

അവയില്ലാതായതോടെ ബസ് കാത്ത് നിൽക്കുന്നവർ വെയിലും മഴയും ഒരുപോലെ കൊള്ളേണ്ട അവസ്ഥയിലാണ്. കുട്ടികളുമായി മാതാപിതാക്കൾ പൊരിവെയിലത്ത് നിൽക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.

പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ഇതോടെ ഇല്ലാതായിയെന്നതാണ് മറ്റൊരുദുരിതം. യാത്രക്കാർക്ക് ആശ്വാസമേകിയിരുന്ന തണൽ മരങ്ങളും വെട്ടിമാറ്റിയതോടെ മഴ പെയ്താൽ ഒന്നു കയറി നിൽക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയായി.

എവിടെ ബസ് സ്റ്റോപ്പ് ?​

പല ബസ് സ്റ്റോപ്പുകളുടെയും അടയാളം ഈ വെയിറ്റിംഗ് ഷെഡുകളായിരുന്നു. ഇവ പൊളിച്ചു മാറ്റിയതോടെ സ്റ്റോപ്പ് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായി. കടകളും കെട്ടിടങ്ങളും പൊളിച്ചതോടെ വെയിലേറ്റ് തളരുന്നവർക്ക് കയറിനിൽക്കാനോ വിലകൊടുത്താലും വെള്ളം കിട്ടാത്ത അവസ്ഥയായി. നവീകരണം തുടങ്ങിയതോടെ പലകടകളുടെ അടയാളം പോലും ഇല്ലാതായി.

വേണം,​ താത്‌ക്കാലിക കേന്ദ്രങ്ങൾ

1.പുന്നപ്ര, പറവൂർ, വണ്ടാനം, അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി, കരുവാറ്റ, താമല്ലാക്കൽ ചേപ്പാട്, കരീലക്കുളങ്ങര, രാമപുരം തുടങ്ങിയ പ്രധാന സ്റ്റോപ്പുകളിലെങ്കിലും യാത്രക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം വേണം

2.ടോയ്ലറ്റ് സംവിധാനത്തോടുകൂടിയ താത്ക്കാലിക കാത്തിരിപ്പുകേന്ദ്രങ്ങൾ സജ്ജമാക്കാൻ തദ്ദേശ സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും മുൻകൈയെടുക്കണം

3. ഭാവിയിൽ ഇവിടെ പണിയുന്ന പബ്ലിക് ടോയിലറ്റുകൾ ലിംഗസൗഹൃദമാണെന്ന്

സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം

പൊളിച്ചുനീക്കിയ

വിശ്രമകേന്ദ്രങ്ങൾ : 56

ദേശീയപാത കടന്നു പോകുന്ന പ്രധാന കേന്ദ്രങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ശുചിത്വമിഷന്റെ സഹായത്തോടെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കണം

സജീവ്, പൊതുപ്രവർത്തകൻ, ആലപ്പുഴ