ആലപ്പുഴ: സ്ത്രീകൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പരിരക്ഷയിലേക്കും അവകാശങ്ങളിലേക്കും വെളിച്ചം വീശി വനിതാ കമ്മീഷൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ശ്രദ്ധേയമായി. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബ ജീവിതത്തിൽ വരുത്തുന്ന താളപ്പിഴകൾ എന്നിവ സംബന്ധിച്ച് സെമിനാറിൽ അവബോധം നൽകി. സംസ്ഥാനതല സെമിനാർ വനിതാ കമ്മീഷൻ അംഗം വി.ആർ.മഹിളാമണി ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളും ഭരണഘടനയും എന്ന വിഷയം ജില്ലാ കോടതി ഫാമിലി കൗൺസിലർ അഡ്വ. ജീനു എബ്രഹാം അവതരിപ്പിച്ചു. ലഹരിയുടെ വിപത്ത് എന്ന വിഷയം വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ.അർച്ചന അവതരിപ്പിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഫില്ലമ്മ ജോസഫ്, വാർഡ് മെമ്പർ തോമസ് ജോസഫ്, സി.ഡി.എസ് ചെയർപേഴ്സൺ ടി.കെ.സുധർമ്മ, വനിതാ കമ്മീഷൻ പ്രോജക്ട് ഓഫീസർ എൻ.ദിവ്യ എന്നിവർ സംസാരിച്ചു.