ആലപ്പുഴ : കുട്ടികൾ സുരക്ഷിതരാകേണ്ട സ്വന്തം ഭവനങ്ങളിൽ പോലും സുരക്ഷിതത്വം നിഷേധിക്കപ്പെടുന്ന സംഭവം വർദ്ധിച്ച് വരുന്നതായി സംസ്ഥാന ബാല അവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉജ്ജ്വല ബാല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലജചന്ദ്രൻ. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ലു.യു.സി ചെയർ പേഴ്‌സൺ അഡ്വ. ജീവസന്തകുമാരി അമ്മ, ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്‌സൺ എ.എസ്.കവിത ജില്ലാ ശിശുക്ഷേമ സമിതിജോ.സെക്രട്ടറി കെ നാസർ, ചൈൾഡ് ലൈൻ കോ-ഓർഡിനേറ്റർ പ്രൈസ് മോൻ,നോൺ ഇൻസ്റ്റിറ്റിയൂഷണൽ ഓഫീസർ അനുജയിംസ് എന്നിവർ സംസാരിച്ചു. ഉജ്ജ്വല ബാല്യ പുരസ്‌ക്കാര ജേതാവ് മുഹമ്മദ് യാസീന്റെ കീബോർഡ് വായനയും ഗായിക വൈഗ ലക്ഷ്മിയുടെ ഗാനമേളയും കുമാരി ഹൃദ്യ ജോസഫിന്റെ വയലിൻ സംഗീതവും സംഘടിപ്പിച്ചു.