മാന്നാർ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയത്തെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മാന്നാറിൽ ഇരു മുന്നണികളിലും വിലപേശൽ തുടങ്ങി. എൽ.ഡി.എഫിലും യു.ഡി.എഫിലും 8 അംഗങ്ങൾ വീതം തുല്യ ശക്തികളായി നിലനിൽക്കുമ്പോൾ 19ന് നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയെ മുൻനിർത്തിയാണ് വിലപേശൽ ആരംഭിച്ചത്. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് (എം)ഉം യു.ഡി.എഫിൽ മുസ്ലിം ലീഗുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി വിലപേശൽ നടത്തുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗമായ സെലീനാ നൗഷാദിനെ വൈസ് പ്രസിഡന്റാക്കണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. ഇത് എൽ.ഡി.എഫിൽ ഉന്നയിക്കാൻ കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇതിനായി മണ്ഡലം പ്രസിഡന്റ് എം.ഐ. കുര്യൻ, വൈസ് പ്രസിഡന്റ് കെ.ഓ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് രാജൂ താമരവേലിൽ എന്നിവരെ ചുമതലപ്പെടുത്തിയതായി കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ജേക്കബ് തോമസ് അരികുപുറം അറിയിച്ചു. ടൗൺ വാർഡ് അംഗം ഷൈന നവാസിനെ വൈസ് പ്രസിഡന്റ് ആക്കണമെന്നാണ് മുസ്ലിം മുസ്ലിംലീഗിന്റെ ആവശ്യം ഇക്കാര്യം കഴിഞ്ഞ യു.ഡി.എഫ് യോഗത്തിൽ മുസ്ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവിശ്വാസത്തിന് ശേഷം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നാണ് കോൺഗ്രസ് നിലപാട്. യു.ഡി.എഫ് നേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത്ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് ഷൈനാ നവാസ് ആയിരുന്നു.