photo

ആലപ്പുഴ: മഹാകവി കുമാരനാശാൻ വിട പറഞ്ഞിട്ട് ജനുവരി 16ന് നൂറ് വർഷമാകും. അദ്ദേഹത്തിന്റെ നൂറാം ചരമവാർഷികം വിപുലമായി ആചരിക്കാനുള്ള ഒരുക്കത്തിലാണ് പല്ലന കുമാരകോടിയിലെ സ്മാരകസമിതി. ജനുവരി 14,15,16 തീയതികളിലായി പല്ലന കുമാരകോടിയിൽ നടക്കുന്ന വിപുലമായ പരിപാടികൾക്ക് നേതൃത്വം നൽകാൻ വരും ദിവസങ്ങളിൽ സംഘാടക സമിതി രൂപീകരിക്കും. ഇത്തരത്തിൽ വിപുലമായ പരിപാടികൾക്ക് നേതൃത്വം നൽകാനൊരുങ്ങുമ്പോഴും സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള പല്ലനയിലെ സ്മാരകസമിതിയുടെ അവസ്ഥ ദയനീയമായി തന്നെ തുടരുകയാണ്. ദൈനം ദിന പ്രവർത്തനങ്ങൾക്ക് പോലും ഫണ്ടില്ല. ജീവനക്കാർക്ക് ഓണറേറിയം നൽകാനോ വൈദ്യുതി ചാർജ് അടയ്ക്കാനോ നിവൃത്തിയില്ല.

സ്മാരകമന്ദിരത്തിന്റെ മേൽക്കൂരയിലെ തൂലികയുടെ മാതൃക തുരുമ്പെടുത്ത് ഏതുനിമിഷവും നിലപൊത്താവുന്ന അവസ്ഥയിലാണ്. ഇതിന്റെ അറ്റകുറ്റപ്പണിക്കായി മൂന്ന് ലക്ഷംരൂപ അനുവദിച്ചെങ്കിലും സ്മാരകത്തിന് വെള്ളപൂശാൻ പോലും ഇത് തികയില്ല. കെട്ടിടത്തിന്റെ ചിലയിടങ്ങളിൽ പൊട്ടലും ഉണ്ടായിട്ടുണ്ട്. എ.സിയും പ്രവർത്തിക്കുന്നില്ല.

ഗ്രാന്റ് കിട്ടാത്തത് പ്രതിസന്ധി

പ്രവർത്തന, മെയിന്റനൻസ് ഗ്രാന്റുകൾ ലഭിക്കാത്തതാണ് സ്മാരകസമിതിയുടെ പ്രതിസന്ധിക്ക് കാരണം. ഓണറേറിയം കിട്ടാതായിട്ട് ഒരുവർഷം കഴിഞ്ഞു. ജീവനക്കാരുടെ നിയമന ഉത്തരവില്ലാത്തതിനാൽ ഭാവിയിൽ ഫണ്ട് കിട്ടുമെന്ന പ്രതീക്ഷയുമില്ല. ഇതുകാരണം ക്ളീനിംഗ്, കെയർടേക്കർ ജീവനക്കാരുടെ ഓണറേറിയവും മുടങ്ങി. ഇതിൽ പ്രതിഷേധിച്ച്

സ്മാരകത്തിന്റെ താക്കോൽ സെക്രട്ടറിയെ ഏൽപ്പിച്ച് ക്ളീനിംഗ് ജീവനക്കാരൻ ഓണത്തിന്

പടിയിറങ്ങിയിരുന്നു. ഇതോടെ സ്മാരകം വൃത്തിയാക്കേണ്ട ജോലിയും സെക്രട്ടറിയുടേതായി.

രണ്ട് മാസത്തിലൊരിക്കൽ 8000രൂപയോളം വൈദ്യുതി ചാർജ്ജ് അടയ്ക്കാൻ വേണം. അതും ഇപ്പോൾ സെക്രട്ടറിയുടെ തലയിലാണ്.

മഹാകവിയുടെ സ്മാരകത്തിന്റെ മേൽക്കൂര ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. സാംസ്‌കാരിക മന്ത്രി അടിയന്തരമായി ഇടപെട്ട് ഫണ്ട് അനുവദിക്കണം

-സി.വി.രാജീവൻ,

സർക്കാർ സമിതി അംഗം

മൂന്ന് ദിവസം നീണ്ട് നൽക്കുന്ന മഹാകവി കുമാരനാശാന്റെ ശതാബ്ദി ചരമവാർഷികം ഭംഗിയായി നടത്തും. സാമ്പത്തിക പ്രതിസന്ധിയിലും 8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് ലക്ഷം അറ്റകുറ്റപ്പണിക്കാണ്. ആവർത്തന ഫണ്ട് പരിപാടിക്കായി വിനിയോഗിക്കും.

- തിലകരാജ്, സെക്രട്ടറി,

സർക്കാർ സമിതി