ആലപ്പുഴ: ക്രിസ്മസ് - പുതുവത്സര ആഘോഷത്തിന് ആഴ്ചകൾ ശേഷിക്കേ, നഗരത്തിന്റെ തെക്ക് പടിഞ്ഞാറൻ വാർഡുകളിലെ പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് മദ്യ, മയക്കുമരുന്ന് കച്ചവടം വ്യാപകമാകുന്നു. വാഹനങ്ങളിലെത്തിച്ചും കടപ്പുറം കേന്ദ്രീകരിച്ചും കച്ചവടം തകൃതിയാണ്. സംഘങ്ങൾക്ക് ക്വട്ടേഷൻ ബന്ധമടക്കമുള്ളതിനാൽ പരാതി നൽകാൻ പോലും ഭയമാണെന്ന് ജനങ്ങൾ പറയുന്നു. മുമ്പ് ഇത്തരത്തിൽ പരാതിപ്പെട്ടവർക്ക് നേരെ വധഭീഷണി ഉൾപ്പടെ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. പൊലീസിന് വിവരം കൈമാറിയിട്ടും കാര്യമായ നടപടികളുണ്ടായിട്ടില്ല. എക്സൈസിന് വിവരം കൈമാറിയാൽ കച്ചവടക്കാർക്ക് പരാതി ചോർന്ന് കിട്ടും. ഇതോടെ അത്തരത്തിൽ പരാതി പറയാനുമാകാത്ത സ്ഥിതിയാണ് . യുവാക്കളാണ് കച്ചവടക്കാരിലും ഉപഭോക്താക്കളിലും കൂടുതൽ. വാറ്റ് ചാരായം മുതൽ സിന്തറ്റിക്ക് ലഹരി വരെ ഉൾപ്പെടുന്നതാണ് വ്യാപാരം.
......
''വ്യാപകമായ മദ്യ - മയക്കുമരുന്ന് കച്ചവടമാണ് നടക്കുന്നത്. സ്ഥിരമായ പൊലീസ് സാന്നിദ്ധ്യമുണ്ടെങ്കിൽ ലഹരി സംഘത്തിൽ നിന്ന് പ്രദേശത്തിന് മോചനം ലഭിച്ചേക്കും.
പ്രദേശവാസികൾ, ഗുരുമന്ദിരം വാർഡ്
''ബീച്ച് കേന്ദ്രീകരിച്ചും വാഹനങ്ങളിൽ ലഹരി എത്തിച്ചും പരസ്യമായ കച്ചവടമാണ് നടക്കുന്നത്. പരാതി കൊടുക്കാൻ ഞങ്ങൾക്ക് ഭയമാണ്. വിവരം ചോർന്നാൽ ജീവന് ഭീഷണിയാണ്
പ്രദേശവാസികൾ, മൾഗർ ജംഗ്ഷൻ