devakiyamma

മാന്നാർ: വിരലുകൾക്കിടയിൽ പേന തിരുകി പരീക്ഷാ പേപ്പറിൽ അല്പം വിറയലോടെ എൺപത്തിരണ്ടുകാരി പേരിന്റെ നേരെ എഴുതി ദേവകിയമ്മ. പിന്നെ അതിലുള്ള അക്ഷരങ്ങൾ വായിച്ചു തുടങ്ങി. ഓരോ ചിത്രങ്ങളും നോക്കി അവയുടെ പേരുകൾ പറഞ്ഞു. വിട്ടുപോയത് ബ്രായ്ക്കറ്റിൽ നിന്നും എടുത്ത് എഴുതാനും ദേവകിയമ്മക്ക് ആരുടെയും സഹായം വേണ്ടി വന്നില്ല. മാന്നാർ ഗവ.എൽ.പി സ്‌കൂളിൽ ഇന്നലെ നടന്ന മികവുത്സവം 2023 പരീക്ഷയിലാണ് ദേവകിയമ്മ പരീക്ഷയെഴുതിയത്. മാന്നാർ കുരട്ടിക്കാട് പല്ലവനത്തറയിൽ പരേതനായ പത്മനാഭന്റെ ഭാര്യയായ ദേവകിയമ്മക്ക് മൂന്ന് ആൺ മക്കളും രണ്ട് പെൺ മക്കളും ആണുണ്ടായിരുന്നത്. ആൺമക്കൾ മൂന്ന് പേരും മരണപ്പെട്ടു. മൂത്ത മകന്റെ മകനായ രഞ്ജിത്തിന്റെ സംരക്ഷണയിലാണ് ഇപ്പോൾ ദേവകിയമ്മ.നിരക്ഷരത ഇല്ലാതാക്കാൻ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരീക്ഷ. സാക്ഷരത പ്രേരക് പൊന്നമ്മ ജോണി, റിസോർസ് പേഴ്സൺമാരായ മാന്നാർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് മെമ്പർ കെ.സി പുഷ്പലത, സി.ഡി.എസ് അംഗം കൂടിയായ ഉഷ സോമനാഥ് എന്നിവരുടെ നേതൃത്വത്തിൽ മൂന്നു മാസത്തെ പരിശീലനത്തിന് ശേഷമാണ് ദേവകിയമ്മ ഉൾപ്പെടെയുള്ള 30തോളം പേർ പൊതുപരീക്ഷയിൽ പങ്കെടുത്തത്.