
മാന്നാർ: അവശേഷിക്കുന്ന നിരക്ഷരരെ കൂടി സാക്ഷരരാക്കാൻ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതിയിൽ ഇന്നലെ നടന്ന പൊതുപരീക്ഷയിൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ നിന്നും മുപ്പതോളം പേർ പങ്കെടുത്തു. ഏറെയും പ്രായമായ അമ്മമാരാരിരുന്നു പരീക്ഷാർത്ഥികൾ. പരീക്ഷ കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളവർക്ക് അവരുടെ വീടുകളിലെത്തിയും പരീക്ഷ നടത്തി. മികവുത്സവം 2023 എന്നപേരിൽ നടത്തിയ പരീക്ഷയുടെ മാന്നാർ പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ മാന്നാർ ഗവ.എൽ.പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി രത്നകുമാരി പരീക്ഷാർത്ഥികളിൽ മുതിർന്ന അംഗമായ ദേവകി അമ്മയ്ക്ക് ചോദ്യപേപ്പർ നൽകി ഉദ്‌ഘാടനം നിർവ്വഹിച്ചു. സാക്ഷരത പ്രേരക് പൊന്നമ്മ ജോണി അദ്ധ്യക്ഷത വഹിച്ചു. റിസോർസ് പേഴ്സണും 18-ാം വാർഡ് മെമ്പറുമായ കെ.സി പുഷ്പലത സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരയ്ക്കൽ സംസാരിച്ചു. സി.ഡി.എസ് അംഗം ഉഷ സോമനാഥൻ നന്ദി പറഞ്ഞു. രാവിലെ പത്തിന് ആരംഭിച്ച പരീക്ഷ വൈകിട്ട് മൂന്ന് ഓടെ അവസാനിച്ചു.