tur

തുറവൂർ:ദേശീയപാതയിലെ ജനതിരക്കേറിയ തുറവൂർ ജംഗ്ഷനിൽ അപകടകെണിയൊരുക്കി വൈദ്യുതി തൂണുകളിലെ കേബിളുകൾ . കേബിളുകൾ താഴ്ന്നു കിടക്കുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ജംഗ്ഷന്റെ ഹൃദയഭാഗത്ത് സിഗ്നലിന് തൊട്ടരികിൽ പടിഞ്ഞാറെ നടപ്പാതയോട് ചേർന്നുള്ള ഇലക്ട്രിക് പോസ്റ്റിലാണ് ഈ കാഴ്ച. സ്വകാര്യ കേബിൾ നെറ്റുവർക്കുകാർ കെ.എസ്.ഇ.ബിക്ക് വാടകതുക നൽകി വൈദ്യുതി തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന കേബിളുകളാണ് കാൽനടയാത്രക്കാർക്കും ഒപ്പം സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും വില്ലനാകുന്നത്. കേബിളുകൾ അലക്ഷ്യമായ രീതിയിൽ താഴ്ന്നും റോഡിൽ വീണ നിലയിലും കിടക്കുവാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും അധികൃതർ കണ്ടില്ലെന്ന മട്ടാണ്. തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തെ തുടർന്ന് റോഡിന് ഇരുഭാഗത്തും ഇരുമ്പ് ബാരിക്കേഡ് സ്ഥാപിച്ചിരിക്കുന്നതിനാൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരടക്കം നൂറ്ക്കണക്കിന് പേർ പടിഞ്ഞാറെ നടപ്പാതയിലൂടെയാണ് കടന്നുപോകുന്നത്. വാഹനങ്ങളും പാതയോരം ചേർന്നാണ് സഞ്ചരിക്കുന്നത്.

...........

# കഴുത്തിൽ കുരുക്ക്

ഒരാൾ പൊക്കം പോലും ഇല്ലാത്ത തരത്തിൽ താഴ്ന്ന് കിടക്കുന്ന കേബിൾ കഴുത്തിൽ കുടുങ്ങാനുള്ള സാദ്ധ്യതയേറെ. കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി മടങ്ങുകയായിരുന്ന ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ റോഡിൽ കിടന്ന കേബിളിൽ കാൽ കുടുങ്ങിയതിനെ തുടർന്ന് താഴെ വീണു പരിക്കേറ്റിരുന്നു. തുറവൂർ ഗവ.യു.പി.സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ പ്രധാന സഞ്ചാരപാത കൂടിയാണിത്. കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്നതാണ് തുറവൂർ ജംഗ്ഷൻ. കോടംതുരുത്ത്, ചമ്മനാട്, അരൂർ തെക്ക് എന്നിവിടങ്ങളിലും റോഡിന്റെ വശങ്ങളിൽ കേബിളുകൾ താഴ്ന്നാണ് കിടക്കുന്നത്.