ആലപ്പുഴ: ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്ക് രാത്രിയിൽ ഓൺലൈൻ പരിശീലനം ഏർപ്പെടുത്തുന്നതിനെതിരെ ഏയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ രംഗത്ത്. സ്കൂൾ മേധാവിക്ക് ആവശ്യമായ അറിവും, വൈദഗ്ദ്ധ്യവും പകരുന്നതിനായി സീമാറ്റ് കേരള ആവിഷ്ക്കരിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫംഗ്ഷണൽ സ്കൂൾ ലീഡർഷിപ്പിന്റെ ഭാഗമായാണ് ഇരുപത്തിയൊന്നു ദിവസത്തെ ഓൺലൈൻ പരിശീലനം നൽകുന്നത്. പ്രോഗ്രാമിന്റെ ഭാഗമായി പ്രിൻസിപ്പൽമാർക്ക് കഴിഞ്ഞ വർഷം ചതുർദിന റസിഡൻഷ്യൽ പരിശീലനം നൽകിയിരുന്നു. ഓൺലൈൻ ഘട്ടം കൂടി പൂർത്തിയായാലേ സർട്ടിഫിക്കറ്റ് ലഭിക്കു. ഇന്നലെ ആരംഭിച്ച ഓൺലൈൻ പരിശീലനത്തിന് രാത്രി 7.30 മുതൽ 9.30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ,​ പകൽ സമയത്ത് നേരിട്ടോ, ഓൺലൈനായോ പരിശീലനം നൽകാതെ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന അദ്ധ്യാപകർക്ക് രാത്രിയിൽ ട്രെയിനിംഗ് നൽകുന്നത് സ്വകാര്യതയെയും കുടംബാന്തരീക്ഷത്തെയും തകർക്കുമെന്ന് ഒരു വിഭാഗം അദ്ധ്യാപകർ വാദിക്കുന്നു. ക്രിസ്മസ് അവധിക്കാലത്ത് കുടുംബത്തോടൊപ്പം യാത്രയ്ക്ക് പോലും അവസരം ലഭിക്കില്ല. സ്കൂളുകളിൽ എൻ.എസ്.എസ്, സ്കൗട്ട് ഗൈഡ് തുടങ്ങി വിവിധ യൂണിറ്റുകളുടെ റസിഡൻഷ്യൽ ക്യാമ്പുകൾ നടക്കുന്ന സമയമാണ്. രാവിലെ 9 മുതൽ 5 മണി വരെ സ്കൂളിൽ ചെലവഴിക്കേണ്ടിവരുന്ന പ്രിൻസിപ്പൽമാരെ രാത്രിയും പരിശീലനത്തിന് ഇരുത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ധ്യാപക സംഘടനകൾ ആരോപിക്കുന്നു.

നിർദ്ദേശങ്ങൾ

# പ്രതിദിനം 1.5 മുതൽ 2 ജി.ബി വരെ ഡേറ്റ കരുതണം

#സ്വന്തം ഇ - മെയിൽ ഐ.ഡിയിലോ, സ്കൂളിന്റെ ഐ.ഡിയിലോ പങ്കെടുക്കാം

#ലാപ്ടോപ് ലഭ്യമല്ലെങ്കിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാം

#സെഷന് പത്ത് മിനിട്ട് മുമ്പ് ഓൺലൈനിലെത്തണം

മുഖ്യലക്ഷ്യങ്ങൾ

#വിദ്യാഭ്യാസ നേതൃത്വം സംബന്ധിച്ച കാഴ്ച്ചപ്പാട് വികസിപ്പിക്കുക

#സുശക്തമായ വിദ്യാഭ്യാസ അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് ശേഷി പ്രദാനം ചെയ്യുക

# നൂതനവും ഗവേഷണാത്മകവുമായ സമീപനം കൈക്കൊള്ളുന്നതിന് പ്രാപ്തരാക്കുക

# ആസൂത്രണം നിർവഹിക്കാനുള്ള ശേഷി കൈവരിക്കാൻ സഹായിക്കുക

നൂറ് കണക്കിന് പ്രിൻസിപ്പൽമാർക്ക് പ്രതിഫലമൊന്നും നൽകാതെ ചുളുവിന് കാര്യം നടത്താനാണ് വകുപ്പ് ശ്രമിക്കുന്നത്. ട്രെയിനിംഗ് നൽകിയെന്ന് വരുത്തിത്തീർക്കാൻ നടത്തുന്ന പ്രഹസനം അവസാനിപ്പിക്കണം. ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിൽ എന്തുമാകാമെന്ന ധിക്കാരം അംഗീകരിക്കില്ല

- എസ്.മനോജ്, ജനറൽ സെക്രട്ടറി,

എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോ.